ജി എസ് ടി : നാളെ കടയടപ്പ്, പെട്രോൾ പമ്പുകളും സമരത്തിൽ

Posted on: July 10, 2017

കൊച്ചി : ചരക്ക് സേവന നികുതി സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപസമിതി ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ കേരളത്തിൽ കടകൾ അടച്ചിടും. പരമാവധി ചില്ലറ വില (എംആർപി)യേക്കാൾ വിലകൂട്ടി വിൽക്കാൻ ആരെയും അനുവദിക്കില്ലെന്ന് ധനമന്ത്രി നിലപാട് എടുത്തതോടെ ചർച്ചവഴിമുട്ടുകയായിരുന്നു. ഹസൻകോയ വിഭാഗം സമരത്തിൽ നിന്ന് പിൻമാറി. ഇന്നു മുതൽ കോഴിക്കടകൾ അടച്ചിടുമെന്ന് കേരള പൗൾട്രി ഫെഡറേഷനും ചിക്കൻ ഡീലേഴ്‌സ് അസോസിയേഷനും അറിയിച്ചു. കടയപ്പ് സമരത്തിൽ പങ്കെടുക്കുമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.

ജി എസ് ടി നടപ്പാക്കുന്നതിന് മൂന്ന് മാസം നീട്ടണമെന്നതു ഉൾപ്പടെ 13 ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ഏകോപന സമിതി മന്ത്രിക്ക് നൽകിയിട്ടുണ്ട്. ഭാവി സമരപരിപാടികൾ നാളെ തീരുമാനിക്കുമെന്ന് ടി. നസിറുദ്ദീൻ പറഞ്ഞു.

ഇന്ധനവില പ്രതിദിനം മാറുന്ന സാഹചര്യത്തിലുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പമ്പുടമകൾ ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ പെട്രോൾ പമ്പുകൾ അടച്ചിടും.