ഫ്‌ളൈദുബായ് വിമാനാപകടം: ഇടക്കാല റിപ്പോർട്ടായി

Posted on: April 22, 2016

Flydubai-Boeing-737-800-Big

കൊച്ചി : റഷ്യയിൽ ഫ്‌ളൈദുബായ് വിമാനം തകർന്ന് 62 പേർ മരിക്കാനിടയായ സംഭവത്തിൽ റഷ്യയുടെ ഇന്റർ‌സ്റ്റേറ്റ് ഏവിയേഷൻ കമ്മിറ്റി (ഐ എ സി) ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുദ്ദേശിച്ചുള്ള ശിപാർശകളാണ് ഇടക്കാല റിപ്പോർട്ടിന്റെ ഉള്ളടക്കം. ഈ വർഷം മാർച്ച് 19 ന് ആണ് റഷ്യയിലെ റോസ്‌തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഫ്‌ളൈദുബായ് വിമാനം തകർന്ന് 62 പേർ മരണമടഞ്ഞത്.

ബോയിംഗ് ബി 737-800 വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന പൈലറ്റുമാരെയും എൻജിനീയർമാരേയും അപകടത്തിന്റെ വിശദാംശങ്ങൾ ധരിപ്പിക്കുക, വിവിധ ഉയരങ്ങളിൽ നിന്ന് രണ്ട് എൻജിനുകൾ പ്രവർത്തിപ്പിച്ചു സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് പൈലറ്റുമാർക്ക് നൽകിവരുന്ന പരിശീലനം കുറേക്കൂടി കർശനമാക്കുക, ആവശ്യമെങ്കിൽ ഇതിനായി എഫ്എഫ്എസ് പരിശീലന സംവിധാനം ഉപയോഗപ്പെടുത്തുക, 2013 ൽ ഫ്രഞ്ച് സുരക്ഷാ ഏജൻസികൾ ശുപാർശ ചെയ്ത മുൻകരുതൽ നടപടികൾ വിശകലനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് എയർലൈൻ അധികൃതർക്ക് ഐ എ സി സമർപ്പിച്ചിട്ടുള്ള ശിപാർശകൾ.

ഐ എ സി യുടെ ഇടക്കാല റിപ്പോർട്ടിനെ ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് സ്വാഗതം ചെയ്തു. ഐ എ സി സമർപ്പിച്ച ശിപാർശകളിൽ പലതും ഫ്‌ളൈദുബായ് നേരത്തെ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നവയാണെങ്കിലും സുരക്ഷാകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.