മെഴ്‌സിഡസ് ബെൻസിന് 41 ശതമാനം വിൽപന വളർച്ച

Posted on: October 6, 2017

കൊച്ചി : മെഴ്‌സിഡസ് ബെൻസ് ഇന്ത്യ 2017 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം ക്വാർട്ടറിൽ 4698 കാറുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 41 ശതമാനം വളർച്ചയാണിത്. 2016 ജൂലൈ മുതൽ സെപ്റ്റംബർ വരെ വിറ്റത് 3327 യൂണിറ്റുകളാണ്. മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപന വളർച്ചയാണ് മൂന്നാം ക്വാർട്ടറിൽ കൈവരിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു.

2017 ജനുവരി മുതൽ സെപ്റ്റംബർ വരെ 11869 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 19.6 ശതമാനം കൂടുതലാണിത്. 2014 ൽ 12 മാസം കൊണ്ട് വിറ്റതിനേക്കാൾ കൂടുതൽ കാറുകൾ ഈ വർഷത്തെ ആദ്യ മൂന്ന് ക്വാർട്ടറിൽ മാത്രം വിൽക്കാൻ കഴിഞ്ഞു.

വീൽബേസ് കൂടുതലുള്ള പുതിയ ഇ-ക്ലാസ് സെഡാനാണ് വിൽപന വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്. ഇടപാടുകാരുടെ താത്പര്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു ഈ വർഷം മൂന്നാം ക്വാർട്ടറിലെ മികച്ച വളർച്ച. ഇ-ക്ലാസ് സെഡാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റു പോയത് സി-ക്ലാസ് സെഡാനായിരുന്നു. എസ്-ക്ലാസും വിപണിയിൽ ശോഭിച്ചു.

ജിഎൽവിയാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന എസ്‌യുവി. ജിഎൽഇയാണ് തൊട്ടു പിന്നിൽ. രണ്ടാം സ്ഥാനത്ത് സെഡാനായിരുന്നു. എഎംജി മോഡലുകളും മോശമല്ലാത്ത വളർച്ച കൈവരിച്ചു. ഈ നടപ്പ് വർഷം ആദ്യ മൂന്ന് ക്വാർട്ടറുകളിലായി 10 പുതിയ ഉത്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കുകയുണ്ടായി.

ഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ചേടത്തോളം തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് മെഴ്‌സിഡസ് ബെൻസിനുള്ളതെന്ന് റോളാണ്ട് ഫോഗർ പറഞ്ഞു. ആഡംബര കാറുകളുടെ വിപണിയും വികസിച്ചു വരികയാണ്. ഗവൺമെന്റിന്റെ നയങ്ങൾ സഹായകമാവുകയാണെങ്കിൽ വളർച്ച നേടാനുള്ള വാഹന നിർമാതാക്കളുടെ ശ്രമങ്ങൾക്ക് അത് ഊർജം പകരും. സമ്പദ്ഘടനയ്ക്ക് വാഹന വ്യവസായം നൽകി വരുന്ന സംഭാവന കണക്കിലെടുത്തുള്ള നയസമീപനമാണ് വേണ്ടതെന്ന് അദേഹം വ്യക്തമാക്കി.

TAGS: Mercedes-Benz |