ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ് ആശയവുമായി ക്ലബ് മഹീന്ദ്ര

Posted on: September 8, 2020

കൊച്ചി : ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കമ്പനിയുടെ കീഴിലുള്ള 31 റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും പകരുന്ന പുതിയ ആശയം പ്രഖ്യാപിച്ച് ക്ലബ് മഹീന്ദ്ര. ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ് എന്ന പേരിലുള്ള പരിപാടിയിലൂടെ അംഗങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, കോവിഡ് ടെസ്റ്റ്, സ്വയം ഓടിക്കാവുന്ന കാറുകള്‍, കാര്‍ ശുചീകരണം എന്നിവ ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ആശുപത്രി നിലവാരത്തിലുള്ള കര്‍ശനമായ ശുചിത്വവും ശുചിത്വ പ്രോട്ടോക്കോളുകളും നടപ്പാക്കുന്നത് അതിഥികളുടെ സമ്പൂര്‍ണ സുരക്ഷയും ഉറപ്പാക്കും. 31 റിസോര്‍ട്ടുകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വഴി 2.58 ലക്ഷത്തിലേറെ അംഗങ്ങള്‍ക്ക് ഈ നവീന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. അമ്പതിലേറെ നഗരങ്ങളിലായി പ്രശസ്ത ഡയഗ്നോസ്റ്റിക്സ് സെന്ററുകളിലാണ് കോവിഡ് ടെസ്റ്റ് സൗകര്യം. കോവിഡ് ഇന്‍ഷുറന്‍സിനൊപ്പം ട്രാവല്‍ ഇന്‍ഷുറന്‍സ് ഇളവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സഞ്ചാരികളുടെ താല്‍പര്യം കണക്കിലെടുത്ത് ജൂണ്‍ മുതല്‍ തന്നെ ക്ലബ് മഹീന്ദ്ര
ഘട്ടംഘട്ടമായി റിസോര്‍ട്ടുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സര്‍ക്കാരിന്റെ ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനങ്ങളെല്ലാം. നിലവിലെ സാഹചര്യത്തില്‍ അതിഥികള്‍ റിസോര്‍ട്ടില്‍ പ്രവേശിക്കുന്നത് മുതല്‍ എഫ് ആന്‍ഡ് ബി ഉള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം പുനര്‍രൂപകല്പന ചെയ്തിട്ടുണ്ട്. സാമൂഹ്യ അകലം, ശുചിത്വം തുടങ്ങിയവ ഉറപ്പാക്കാന്‍ കമ്പനി ജീവനക്കാര്‍ക്ക് വിപുലമായ പരിശീലനവും നല്‍കി കഴിഞ്ഞു. ഈ രംഗത്തെ ആഗോള പ്രശസ്തരായ ബ്യറോ വെരിറ്റാസുമായി സഹകരിച്ചാണ് ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്.

ഞങ്ങളുടെ 31 റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുകയാണെന്നും ഇത് ഞങ്ങളുടെ അംഗങ്ങള്‍ക്ക് മികച്ച അവധിക്കാല ആസ്വാദനം പുനരാരംഭിക്കാന്‍ സഹായിക്കുമെന്നും  മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് എംഡിയും സിഇഒയുമായ കവീന്ദര്‍ സിംഗ് പറഞ്ഞു. വിവിധ നടപടികളിലൂടെ യാത്രക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായാണ് ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ് പരിപാടി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Club Mahindra |