എറണാകുളം കരയോഗത്തിന്റെ രാധേയം ഗസ്റ്റ് ഹൗസ് ഭക്തര്‍ക്ക് സമര്‍പ്പിച്ചു

Posted on: February 1, 2020

 കൊച്ചി : എറണാകുളം കരയോഗത്തിന്റെ നവതി സ്മാരകമായ രാധേയം ഗസ്റ്റ് ഹൗസ് ഗുരുവായൂരില്‍ ഭക്തര്‍ക്കായി സമര്‍പ്പിച്ചു. കൊളത്തൂര്‍ അദ്വൈത ആശ്രമാധിപന്‍ സ്വാമി ചിദാനന്ദപുരി ദീപ പ്രോജ്വലനം നടത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സഭയില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.രാമചന്ദ്രമേനോന്‍ മുഖ്യാതിഥിയായിരുന്നു. എറണാകുളം കരയോഗത്തിന്റെ പ്രവര്‍ത്തന വൈശിഷ്ട്യത്തിന് തെളിവാണ് രാധേയമെന്ന് അദ്ദേഹം പറഞ്ഞു. ജാതി മത വര്‍ഗ ഭേദമില്ലാത്ത കരയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്ന ശൈലി അനുകരണീയമാണെന്നും ജസ്റ്റിസ് രാമചന്ദ്രമേനോന്‍ പറഞ്ഞു. മെട്രോ റയിലിന് ശ്രീധരന്‍ എങ്ങനെയാണോ അത് പോലെയാണ് കരയോഗത്തിന് വേണുവെന്നും അദ്ദേഹം പറഞ്ഞു.

അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനവും വ്യകതമായ ദിശാബോധവുമാണ് എറണാകുളം കരയോഗത്തെ നയിക്കുന്നതെന്ന് സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.കെ. വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ വി.എസ്. രേവതി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ. ബി. മോഹന്‍ദാസ്, മുന്‍ പി.എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ചേന്നാസ് പി. സി. ദിനേശന്‍ നമ്പൂതിരിപ്പാട്, നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി. കെ. ശാന്തകുമാരി, കൗണ്‍സിലര്‍ രതി ജനാര്‍ദ്ദനന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. ജയകുമാര്‍, കെ. ദാമോദരന്‍, വേണുഗോപാല്‍ സി ഗോവിന്ദ്, എന്‍. വേണുഗോപാല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിശിഷ്ട വ്യക്തികളെ എറണാകുളം കരയോഗം പ്രസിഡന്റ് കെ. പി. കൃഷ്ണമേനോന്‍ ഉപഹാരം നല്‍കി ആദരിച്ചു. കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു) സ്വാഗതവും ട്രഷറര്‍ കെ. ടി. മോഹനന്‍ നന്ദിയും പറഞ്ഞു.

ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ച് ദര്‍ശനം നടത്തുന്നതിനും വിവാഹം, ചോറൂണ് തുടങ്ങിയവയ്ക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും രാധേയം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിട്ടുണ്ടെന്ന് എറണാകുളം കരയോഗം പ്രസിഡന്റ് കെ. പി. കൃഷ്ണമേനോന്‍, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള 36 എ.സി മുറികളാണ് രാധേയം ഗസ്റ്റ് ഹൗസില്‍ ഉള്ളത്. എല്‍.സി.ഡി. ടി.വി, വൈഫൈ, ടെലഫോണ്‍, ചൂട് വെള്ളം, ലിഫ്റ്റ്, കാര്‍ പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടാകും. പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെയും വൈകിട്ട് ആറ് മുതല്‍ രാത്രി ഒന്‍പത് വരെയും ക്ഷേത്ര ദര്‍ശനത്തിനായി ഗസ്റ്റ് ഹൗസില്‍ നിന്ന് ക്ഷേത്രത്തിലേക്ക് യാത്രാ സൗകര്യവും ഉണ്ടാവും.