എറണാകുളം കരയോഗത്തിന്റെ രാധേയം ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 31 ന്

Posted on: January 28, 2020

കൊച്ചി: എറണാകുളം കരയോഗത്തിന്റെ നവതി സ്മാരകമായ രാധേയം ഗസ്റ്റ് ഹൗസ് ഗുരുവായൂര്‍ തെക്കേനടയിലെ കാരക്കാട്ട് റോഡില്‍  31 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊളത്തൂര്‍ ആശ്രമാധിപന്‍ സ്വാമി ചിദാനന്ദപുരി ദീപപ്രോജ്ജ്വലനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ മുഖ്യ പ്രഭാഷണം നടത്തും.

ടി.എന്‍. പ്രതാപന്‍ എം.പി, കെ. വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ്. കെ. എസ്. രാധാകൃഷ്ണന്‍, ഗുരുവായൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ വി.എസ്. രേവതി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ. ബി. മോഹന്‍ദാസ്, മുന്‍ പി.എസ്. സി. ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ചേന്നാസ് പി. സി. ദിനേശന്‍ നമ്പൂതിരിപ്പാട്, നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി. കെ. ശാന്തകുമാരി, കൗണ്‍സിലര്‍ രതി ജനാര്‍ദ്ദനന്‍, പ്രസ് ഫോറം പ്രസിഡന്റ് ലിജിത് തരകന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. ജയകുമാര്‍, കെ. ദാമോദരന്‍, വേണുഗോപാല്‍ സി ഗോവിന്ദ്, എന്‍. വേണുഗോപാല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. വിശിഷ്ട വ്യക്തികളെ എറണാകുളം കരയോഗം പ്രസിഡന്റ് കെ. പി. കൃഷ്ണമേനോന്‍ ഉപഹാരം നല്‍കി ആദരിക്കും. കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു) സ്വാഗതവും ട്രഷറര്‍ കെ. ടി. മോഹനന്‍ നന്ദിയും പറയും.

ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ച് ദര്‍ശനം നടത്തുന്നതിനും വിവാഹം, ചോറൂണ് തുടങ്ങിയവയ്ക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും രാധേയം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിട്ടുണ്ടെന്ന് എറണാകുളം കരയോഗം പ്രസിഡന്റ് കെ. പി. കൃഷ്ണമേനോന്‍, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള 36 എ.സി മുറികളാണ് രാധേയം ഗസ്റ്റ് ഹൗസില്‍ ഉള്ളത്. എല്‍.സി.ഡി. ടി.വി, വൈഫൈ, ടെലഫോണ്‍, ചൂട് വെള്ളം, ലിഫ്റ്റ്, കാര്‍ പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടാകും. പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെയും വൈകിട്ട് ആറ് മുതല്‍ രാത്രി ഒന്‍പത് വരെയും ക്ഷേത്ര ദര്‍ശനത്തിനായി ഗസ്റ്റ് ഹൗസില്‍ നിന്ന് ക്ഷേത്രത്തിലേക്ക് യാത്രാ സൗകര്യവും ഉണ്ടാവും.

2017 ഡിസംബര്‍ 14 നാണ് രാധേയത്തിന് തറക്കല്ലിട്ടത്. 779 ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്ന് കൊടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ പറഞ്ഞു. പ്രിവിലേജ് കാര്‍ഡ് പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

സാംസ്‌ക്കാരിക, സേവനരംഗത് 95 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള എറണാകുളം കരയോഗം 2015 ലാണ് നവതി ആഘോഷിച്ചത്. എറണാകുളം കരയോഗത്തിന്റെ മേല്‍നോട്ടത്തില്‍ 1941 ല്‍ ആരംഭിച്ച ടി.ഡി.എം ഹാള്‍ എന്ന തോട്ടേക്കാട്ട് ദിവാന്‍സ് മെമ്മോറിയല്‍ ഹാള്‍ കൊച്ചി നഗരത്തിലെ തലയെടുപ്പുള്ള ഈവന്റ് ഹബ്ബുകളില്‍ ഒന്നാണ്. 1925 ലാണ് അന്നത്തെ കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിസ് ആക്ട് അനുസരിച്ചു എറണാകുളം കരയോഗം സ്ഥാപിതമായത്. നിലവില്‍ ട്രാവന്‍കൂര്‍ – കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ട് അനുസരിച്ചാണ് കരയോഗം പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള കരയോഗം എറണാകുളം നഗരത്തിലെ സാമൂഹ്യ , സാംസ്‌കാരിക, സേവന മേഖലകളിലെ നിറ സാന്നിധ്യമാണ്.