കേരളത്തില്‍ 300 കോടിയുടെ നിക്ഷേപവുമായി ശ്രുതി

Posted on: January 31, 2020

കൊച്ചി : മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് കേരളത്തില്‍ ഹോട്ടല്‍ വ്യവസായ രംഗത്ത് 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ കേരളത്തിലെ ആദ്യ ഹോട്ടല്‍ തിരുവനന്തപുരത്ത് ആക്കുളത്ത് ഒരു മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചു.

ഒ ബൈ താമര എന്ന പേരിലുള്ള ഈ പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്‍ 152 മുകളാണ് ഉളളത്. 1,250 പേര്‍ക്ക് ഇരിക്കാനുള്ള ബാങ്ക്വറ്റ് ഹാളും ഇതിന്റെ ഭാഗമായുണ്ട്. ഇതിനു പുറമേ, ചെറിയ ഹാളുകളുമുണ്ട്.

കേരളത്തില്‍ ആലപ്പുഴ, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതുതായി ഹോട്ടലുകള്‍ ആരംഭിക്കുന്നതെന്ന് താമര ഗ്രൂപ്പിന്റെ സി. ഇ. ഒ. ശ്രുതി ഷിബുലാല്‍ പറഞ്ഞു. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്. ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി.

കേരളത്തിലെ രണ്ടാമത്തെ പദ്ധതി ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സജ്ജമാകും. 19 മുറികള്‍ മാത്രമുള്ള ആഡംബര ആയുര്‍വേദ റിസോര്‍ട്ടായിരിക്കും ഇത്. കണ്ണൂരിലും ഗുരുവായൂരിലും ലൈലാക് ബ്രാന്‍ഡിലുള്ള ഹോട്ടലുകളാണ് നിര്‍മിക്കുന്നത്.

നിലവില്‍, കൂര്‍ഗിലും കൊടൈക്കനാലിലും റിസോര്‍ട്ടുകളും ബംഗലൂരുവില്‍ രണ്ട് ലൈലാക് ഹോട്ടലുകളുമാണ് തിരുവനന്തപുരത്തെ ഒ ബൈ താമരയ്ക്ക് പുറമെയുള്ളത്. ഹോട്ടല്‍ വ്യവസായ രംഗത്ത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ശ്രുതി വ്യക്തമാക്കി. 2025 – ഓടെ മുറികളുടെ എണ്ണം 1,000 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ജര്‍മനിയിലും കമ്പനിക്ക് ഹോട്ടലുകളുണ്ട്.

TAGS: Shruti Shibulal |