ഒ ബൈ താമര പഞ്ചനക്ഷത്ര ഹോട്ടൽ തിരുവനന്തപുരത്ത് തുറന്നു

Posted on: December 3, 2019

തിരുവനന്തപുരം : പ്രമുഖ ഹോട്ടൽ ശൃംഖലയായ താമര ലീഷർ എക്‌സ്പീരിയൻസസിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ – ഒ ബൈ താമര തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തനം ആരംഭിച്ചു. കൊടൈക്കനാൽ, കൂർഗ്, ബംഗലുരു എന്നിവിടങ്ങളിൽ ഹോട്ടലുകൾ തുടങ്ങിയ താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എല്ലാവിധ ആഡംബര സജ്ജീകരണങ്ങളുമുള്ള ഹോട്ടലും കൺവെൻഷൻ സെൻററുമാണ് ആക്കുളത്ത് യാഥാർഥ്യമാക്കിയിരിക്കുന്നത്.

താമര ബ്രാൻഡിലെ ഹോട്ടൽ മുറികളുടെ എണ്ണം 2025 ഓടെ ആഗോളാടിസ്ഥാനത്തിൽ 1,000 തികയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് താമര ലീഷർ എക്‌സ്പീരിയൻസസ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാൽ പറഞ്ഞു. തിരുവനന്തപുരത്തിനു പിന്നാലെ ആലപ്പുഴ, ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിലും പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലിൽ 152 മുറികളാണുള്ളത്. കമ്പനിയുടെ മൂന്നു വിഭാഗം ഹോട്ടലുകളിൽ ‘ഒ ബൈ താമര’ വിഭാഗത്തിലെ ആദ്യ ഹോട്ടലാണ് ഇവിടെ ആരംഭിച്ചതെന്നും  വാർത്താ സമ്മേളനത്തിൽ ശ്രുതി ഷിബുലാൽ പറഞ്ഞു.

കേരളത്തിൻറെ വിനോദസഞ്ചാര, വിവരസാങ്കേതിക മേഖലകളിലെ നിർണായക വളർച്ച കണക്കിലെടുത്താണ് കേരളത്തിനു പ്രാമുഖ്യം നൽകുന്നത് വിനോദസഞ്ചാരത്തിനുള്ള നിത്യഹരിത ലക്ഷ്യസ്ഥാനമായ കേരളത്തിൻറെ പ്രകൃതിഭംഗി വിനോദസഞ്ചാരികളെ എന്നും ആകർഷിക്കുന്നതാണെന്നും അതിൽ പങ്കാളിയായി സംസ്ഥാനത്തിൻറെ ആതിഥേയ മേഖലയ്ക്ക് അനുയോജ്യമായ സംഭാവന നൽകുമെന്നും വ്യക്തമാക്കി.

ഉത്തരവാദിത്ത ആതിഥേയത്വമാണ് കേരളത്തിൽ 300 കോടി രൂപ നിക്ഷേപം നടത്തുന്ന താമര ഗ്രൂപ്പിന്റെ അടിത്തറ. കോർപ്പറേറ്റ് ഭരണം, തൊഴിൽ നൈതികത, സുസ്ഥിര സമ്പ്രദായങ്ങൾ, അതിഥികളുടെ സന്തോഷം എന്നിവയിലധിഷ്ഠിതമായതും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് രൂപീകരിക്കുകയാണ് ദർശനമെന്നും ശ്രുതി ഷിബുലാൽ ചൂണ്ടിക്കാട്ടി.

നിർമ്മാണത്തിൻറെ ആദ്യഘട്ടം മുതൽ ഹരിതചട്ടങ്ങൾ സൂക്ഷ്മമായി പാലിച്ചിട്ടുണ്ട്. സംയോജിത വാസസ്ഥല മൂല്യനിർണയത്തിനുള്ള ദേശീയ മാനദണ്ഡമായ ‘ഗൃഹ’ (ഗ്രീൻ റേറ്റിംഗ് ഫോർ ഇൻറഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെൻറ്) സർട്ടിഫിക്കേഷൻ ഉടൻ ലഭിക്കും.

10,000 ചതുരശ്രയടിയിലാണ് തലസ്ഥാനത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻറർ സജ്ജമാക്കിയിരിക്കുന്നത്. ഇത് മുഴുവനായോ ഏഴായിരവും മൂവായിരവും വിസ്തീർണമുള്ള രണ്ട് ഹാളുകളായോ ഉപയോഗിക്കാം. ഹാളിൽ തിയേറ്റർ ശൈലിയിൽ 1,250 പേർക്കും റൗണ്ട് ടേബിൾ മാതൃകയിൽ അഞ്ഞൂറുപേർക്കും ഇരിക്കാമെന്നും ശ്രുതി ഷിബുലാൽ പറഞ്ഞു.

ഒന്നാം നിലയിൽ ലോബിയിൽ നിന്നുള്ള എലിവേറ്റർ, സ്വീകരണമുറി, ബാർ, ബോർഡ്‌റൂം, ആവശ്യാനുസരണം ക്രമീകരിക്കാവുന്ന 1400 ചതുരശ്രയടി കോൺഫറൻസ് റൂം എന്നിവയുൾപ്പെടുന്ന 1,809 ചതുരശ്രയടിയിലുള്ള ബിസിനസ് സെൻററുണ്ട്. കോൺഫറൻസ് ഹാളിൽ തീയേറ്റർ ശൈലിൽ 125 പേർക്കും റൗണ്ട് ടേബിളായി 75 പേർക്കും ഇരിക്കാം. ഔദ്യോഗിക ബിസിനസ് മീറ്റിങ്ങുകൾക്കുള്ള 258 ചതുരശ്ര അടി ബോർഡ്‌റൂമിൽ 12 സീറ്റുകളാണുള്ളത്.

മൂന്നാം നിലയിൽ 7,136 ചതുരശ്രയടി പുൽത്തകിടിയോടെ പൂൾ സജ്ജമാക്കിയിട്ടുണ്ട്. മുന്നൂറ്റിയൻപതോളം പേരെ ഉൾക്കൊള്ളാവുന്ന ഈ സ്ഥലം ഔട്ട്‌ഡോർ പരിപാടികൾക്ക് അനുയോജ്യമാണ്.

മൂന്നു വിഭാഗത്തിലുള്ള മുറികളാണുള്ളത്. 301 ചതുരശ്രയടിയിലുള്ള ഡീലക്‌സ്-എലീറ്റ് റൂമുകൾ, പ്രത്യേക ലിവിംഗ് റൂം, പൗഡർ റൂം, ബെഡ്‌റൂം എന്നിവ ഉൾപ്പെടുന്ന 729 ചതുരശ്രയടിയിലുള്ള സ്യൂട്ട് റൂം എന്നിവ. 43 ഇഞ്ചുള്ള എച്ച്ഡി സ്മാർട് ടിവി, 24 മണിക്കൂറും അതിവേഗ ഇൻറർനെറ്റ്, ഇലക്ട്രോണിക് സെയ്ഫ്, മിനി ബാർ, വോക്ക് ഇൻ ഷവർ, ലോൺട്രി സേവനങ്ങൾ, സൗണ്ട് പ്രൂഫ് വിൻഡോ എന്നീ സജ്ജീകരണങ്ങളും മുറികളിലുണ്ട്.

മുഴുവൻസമയ റൂം സർവീസിനു പുറമേ ഒ ബൈ താമരയിൽ നാല് ആഡംബര ഭക്ഷണശാലകളുമുണ്ട്. ദിവസം മുഴുവൻ ഭക്ഷണം ലഭിക്കുന്ന ‘ഒ കഫേ’യും ലോബി പേസ്ട്രി ഷോപ്പായ ‘എൽബിവി’യും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. റൂഫ് ടോപ് ബാറും ഗ്രില്ലും അടങ്ങുന്ന ‘ടേക്ക് ഓഫ്’, ‘സ്‌പോർട്‌സ് ബാർ’ എന്നിവ ഉടൻ പ്രവർത്തനക്ഷമമാകും.

അഞ്ച് ട്രീറ്റ്‌മെൻറ് റൂമുകളോടുകൂടിയ സ്പാ, സ്റ്റീം, സോണ, ജകൂസി സൗകര്യങ്ങളും പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളുടേയും ഉഴിച്ചിൽ നടത്തുന്നവരുടേയും സേവനവും ലഭ്യമാക്കുന്നുണ്ട്. അത്യാധുനിക ജിംനേഷ്യം, ഫിറ്റ്‌നസ് സെൻറർ, ഇൻഫിനിറ്റി പൂൾ എന്നിവയാണ് മറ്റു ആകർഷണതകൾ. പ്രാദേശിക സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്ന താമര ഗ്രൂപ്പിന്റെ നയം മുൻനിർത്തി പ്രദേശത്തുള്ളവർക്കും ഇവിടെ ജോലി നൽകിയിട്ടുണ്ടെന്ന് ശ്രുതി അറിയിച്ചു.

താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സെയിൽസ്-മാർക്കറ്റിംഗ് മേധാവി ശരത് ശങ്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.