പര്‍വ്വത സൈക്ലിംഗ്: എംടിബി കേരള 2019 മത്സരങ്ങള്‍ വയനാട്ടില്‍

Posted on: December 5, 2019

തിരുവനന്തപുരം: സാഹസിക സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി എംടിബി കേരളയുടെ ആറാമത് മത്സരങ്ങള്‍ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശനി ടീ എന്‍വയണ്‍സില്‍ നടക്കും. ഈ മാസം 21 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍.

അഡ്വഞ്ചര്‍ സൈക്ലിംഗിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിനൊന്നായ എംടിബി കേരളയില്‍ പ്രൊഫഷണലുകള്‍ക്കും, അല്ലാത്തവര്‍ക്കുമായി (അമച്വര്‍) പ്രത്യേകം മത്സരങ്ങളുണ്ടാകും. കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ അഞ്ച് കിമി ദൈര്‍ഘ്യമുള്ള ഈ സൈക്കിള്‍ ട്രാക്ക് പാറക്കൂട്ടങ്ങളും, വെള്ളവും ചെളിയുമെല്ലാം നിറഞ്ഞ ദുര്‍ഘട പാതയാണ്. സൈക്ലിംഗ് കായിക വിനോദത്തിലെ സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സംഘടനയായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍(യുസിഐ) യുടെ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് റേസ് കലണ്ടറില്‍ ഇടം പിടിച്ച രാജ്യത്തെ ആദ്യ മത്സരമാണ് എംടിബി കേരള.

കേരളത്തിലെ സാഹസിക സൈക്ലിംഗ് രംഗത്തെ അന്താരാഷ്ട്ര തലത്തിലേക്കെത്തിച്ചതില്‍ എംടിബി കേരളയക്ക് സുപ്രധാന പങ്കുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അഡ്വഞ്ചര്‍ സൈക്ലിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അന്താരാഷ്ട്ര രംഗത്തേക്കുള്ള കാല്‍വയ്പ്പുകൂടിയായി ഇതു മാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി, നാഷണല്‍ ക്രോസ് കണ്‍ട്രി-പുരുഷന്‍മാര്‍, നാഷണല്‍ ക്രോസ് കണ്‍ട്രി-വനിതകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മാത്രമല്ല അമച്വര്‍ സൈക്ലിസിറ്റുകള്‍ക്കായി ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ച് എന്ന പേരില്‍ പ്രത്യേക മത്സരവും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്.

മലനിരകളില്‍ സൈക്കിള്‍ ഓടിക്കാനറിയുന്ന ആര്‍ക്കും ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചില്‍ പങ്കെടുക്കാം. ഇതില്‍ പങ്കെടുക്കുന്നതിനായി 1000 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യണം. www.mtbkerala.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പണമടയ്ക്കാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ പത്തു വരെ രാവിലെ പത്തു മുതല്‍ അഞ്ച് വരെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലും പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 20ന് നടക്കുന്ന 38 കിമി ദൈര്‍ഘ്യമുള്ള സൈക്ലിംഗ് മത്സരത്തില്‍ ആദ്യ 25 സ്ഥാനങ്ങളിലെത്തുന്നവരെ 21 ലെ അമച്വര്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. യോഗ്യതാ റൗണ്ടില്‍ പുരുഷ-വനിത വ്യത്യാസമുണ്ടായിരിക്കില്ല. ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന നൂറു പുരുഷന്‍മാര്‍ക്കും 25 വനിതകള്‍ക്കുമായിരിക്കും യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത.

അമച്വര്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ക്ക് 22-നു നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം. പര്‍വത മേഖലയില്‍ ഉപയോഗിക്കാനുള്ള സൈക്കിളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സ്വയം കൊണ്ടു വരണം.

അന്തര്‍ദേശീയ-ദേശീയ തലത്തിലേക്കുള്ള മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍(യുസിഐ) സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ രജിസ്‌ട്രേഷനുള്ളവര്‍ക്ക് മാത്രമേ അതില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രത്യേക സാങ്കേതിക സമിതി ഇവരുടെ മത്സര യോഗ്യത നിശ്ചയിക്കും.

അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് ഒന്നര ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും.

ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനത്തുകയും സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്.

TAGS: MTB Kerala |