എംടിബി കേരള 2019 : പ്രചാരണ സൈക്കിള്‍ റാലിയില്‍ താരമായി സബ് കളക്ടറും പ്രണവും

Posted on: December 14, 2019

പാലക്കാട്: സാഹസിക പര്‍വ്വത സൈക്ലിംഗ് മത്സരമായ എംടിബി കേരളയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ നടത്തിയ സൈക്കിള്‍ റാലിയില്‍ ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസും ഭിന്നശേഷിക്കാരനായ പ്രണവും താരമായി.

റാലി ഫ്‌ളാഗ് ഓഫ് ചെയ്ത സബ് കളക്ടര്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി കിലോമീറ്ററോളം പങ്കുചേര്‍ന്നു. ജന്‍മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ബ്രെയ്ക്കിങ് സിസ്റ്റത്തില്‍ താടി ഉപയോഗിച്ച് നിയന്ത്രിച്ചാണ് സൈക്കിള്‍ ചവിട്ടി റാലിയില്‍ പൂര്‍ണമായും പങ്കെടുത്തത്. തളരാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകമായി സൈക്ലിംഗ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് പ്രചോദനമാകുകയായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രണവ്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലി പാലക്കാട് കോട്ടമൈതാനിയില്‍ നിന്നാരംഭിച്ച് കല്‍പ്പാത്തി പൈതൃകഗ്രാമത്തിലൂടെ മലമ്പുഴ ഡാം വഴി തിരികെ പാലക്കാട് ടൗണില്‍ സമാപിച്ചു. പ്രകൃതിക്കും ആരോഗ്യത്തിനും അനുയോജ്യമായ ഗതാഗത സംവിധാനമാണ് സൈക്കിളെന്ന സന്ദേശം മുന്നോട്ടുവച്ച പരിപാടിയുടെ മുഖ്യപ്രമേയം ‘ഗെറ്റ് എ സൈക്കിള്‍ ഗെറ്റ് എ ലൈഫ്’ എന്നതായിരുന്നു.

കേരള അഡ്വെഞ്ചര്‍ ടൂറിസം സൊസൈറ്റിയും പരിപാടിയില്‍ പങ്കുചേര്‍ന്നു. എംടിബി കേരളയുടെ പ്രചാരണത്തിന് പുറമേ പരിസ്ഥിതി സംരക്ഷണത്തിന്റേയും പ്ലാസ്റ്റിക്ക് ഉപേക്ഷിക്കേണ്ടതിന്റെയും സേേന്ദശവും റാലി പങ്കുവച്ചു.

വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശനി ടീ എന്‍വയറണ്‍സില്‍ ഈ മാസം 21 മുതല്‍ 22 വരെയാണ് ആറാമത് എംടിബി കേരള മത്സരങ്ങള്‍ നടക്കുക. സാഹസിക സൈക്ലിംഗിലെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിനൊന്നായ ഇതില്‍ പ്രൊഫഷണലുകള്‍ക്കും, അമച്വേഴ്‌സിനുമായി പ്രത്യേകം മത്സരങ്ങളുണ്ടാകും. കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

TAGS: MTB Kerala |