വീട്ടമ്മമാരുടെ പാചകനൈപുണ്യം തൊഴിലവസരങ്ങളാക്കി മാറ്റാന്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി

Posted on: July 12, 2019

തിരുവനന്തപുരം: കേരളത്തിന്റെ തനതു ഭക്ഷണം പാചകം ചെയ്യുന്നതില്‍ നൈപുണ്യമുള്ള വീട്ടമ്മമാരുടെ കൂട്ടായ്മയിലൂടെ വിനോദസഞ്ചാര മേഖലയില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍.

നൂതന വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതിനായി മിഷന്‍ നടപ്പാക്കുന്ന ‘നാടന്‍ ഭക്ഷണം അനുഭവിച്ചറിയുക (എക്‌സ്പീരിയന്‍സ് എത്‌നിക് കുസിന്‍)’ എന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് അനുമതി നല്‍കി. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള വീട്ടമ്മമാരുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ടൂറിസം മേഖലയില്‍ വന്‍ചലനം സൃഷ്ടിക്കുന്ന ഈ പദ്ധതി ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു മൂന്നു വര്‍ഷം കൊണ്ട് പദ്ധതിയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയും. സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരിക്കും.

ആദ്യഘട്ടത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയാറാക്കി നല്‍കുന്ന 2000 വീടുകളെ തെരഞ്ഞെടുത്ത് ശൃംഖലയ്ക്ക് രൂപം നല്‍കും. ഇവയെ ആധുനിക വിവര സാങ്കേതികവിദ്യാ രീതികളുപയോഗിച്ചു വിനോദസഞ്ചാരികള്‍ക്കു പരിചയപ്പെടുത്തും.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ അടങ്ങുന്ന സമിതി സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം ശൃംഖലയില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ തലത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. ഒരു രണ്ടംഗ കുടുംബത്തിന് മുഴുദിനം ജോലി ചെയ്യുന്ന വ്യക്തിയുടെ സഹായത്തോടെ 30 പേര്‍ക്കെങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നല്‍കാനും അതിലൂടെ സുസ്ഥിരമായ വരുമാനം കണ്ടെത്താനും കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്. മുതല്‍മുടക്ക്, തയാറെടുപ്പ്, അടിസ്ഥാന സൗകര്യം എന്നിവ സൃഷ്ടിച്ച് ഇത് എങ്ങനെ ചെയ്യാമെന്നതാണ് പരിശീലിപ്പിക്കുന്നത്.

തനതു ഭക്ഷണ ശൃംഖലയെ ബ്രാന്‍ഡായി വികസിപ്പിച്ചെടുക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും. മിഷന്‍ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകനെയും ലൊക്കേഷന്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തും.

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നല്ല പങ്കിന് ഇവിടുത്തെ ഭക്ഷണരീതികളെക്കുറിച്ച് അറിയാന്‍ താല്പര്യമുണ്ടെങ്കിലും അതിന് അനുയോജ്യമായി പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കാന്‍ പര്യാപ്തമായ സംവിധാനം കേരളത്തിലില്ലെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ഈ ന്യൂനത പരിഹരിക്കാന്‍ കൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ശൃംഖലയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 8000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ ഈ ശൃംഖല കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു പ്രത്യക്ഷമായി തന്നെ തൊഴില്‍ നല്‍കും.

കേരളത്തിന്റെ തനതു ഭക്ഷ്യ രുചികള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ അവസരം ലഭിക്കുന്നതിനുപുറമെ ഈ പദ്ധതി സ്ത്രീശാക്തീകരണത്തിന് പ്രേരകമാകുകയും ഗ്രാമീണ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ടൂറിസം കൊണ്ടുള്ള നേട്ടങ്ങള്‍ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കാനും ഇതിലൂടെ കഴിയും കരകൗശലം, ഭക്ഷ്യോല്പാദനം, പച്ചക്കറി, പാല്‍, മുട്ട തുടങ്ങിയ മേഖലകളിലെ യൂണിറ്റുകള്‍ക്ക് വരുമാനം ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.

രജിസ്‌ട്രേഷന് താല്‍പര്യമുള്ള വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ജൂലൈ 25 നു മുന്‍പായി സംസ്ഥാന ടൂറിസം ഡയറക്ടറേറ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസിലോ അതതു ജില്ലാ ടൂറിസം ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുകളിലോ പേരു രജിസ്റ്റര്‍ ചെയ്യാം. അംഗീകൃത ഹോം സ്റ്റേകള്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് [email protected].

TAGS: Tourism Mission |