ഉത്തരവാദിത്ത ടൂറിസം മിഷനെ ആദരിക്കും

Posted on: November 24, 2018

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തുടനീളം സാധാരണക്കാരിലെത്തിക്കുകയും ദുരന്തങ്ങളില്‍ സംസ്ഥാനത്തിന് കൈത്താങ്ങാവുകയും ചെയ്ത ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകളെ ടൂറിസം വകുപ്പ് ആദരിക്കുന്നു.

കര്‍ഷകര്‍, കരകൗശല നിര്‍മാതാക്കള്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടുള്ള വിവിധ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ 24 ശനിയാഴ്ച പതിനൊന്നു മണിക്ക് മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

ശ്രീ കെ. മുരളീധരന്‍ എംഎല്‍എ ആധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഇ-ബ്രോഷര്‍ പ്രകാശനം ചെയ്യും. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ശ്രീ പാളയം രാജന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ശ്രീ ബേബി മാത്യു സോമതീരം, ദേശീയ ടൂറിസം ഉപദേശക സമിതി അംഗങ്ങളായ ശ്രീ ഏബ്രഹാം ജോര്‍ജ്, ശ്രീ ഇഎം നജീബ്, സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം ശ്രീ പികെ അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ കെ. രൂപേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, തദ്ദേശ ഗ്രാമ വികസനം എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ ഇതിനോടകം ഒരു വര്‍ഷം കൊണ്ട് 11532 യൂണിറ്റുകളാണ് രൂപീകൃതമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 21000 പേര്‍ പ്രത്യക്ഷമായും 32000 പേര്‍ പരോക്ഷമായും ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്. 5.82 കോടി രൂപയുടെ വരുമാനം വിവിധ യൂണിറ്റുകള്‍ക്ക് ലഭ്യമായിട്ടുെണ്ടന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രധാനമായും നടത്തിവന്ന കുമരകം, തേക്കടി, വയനാട് തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ വടക്കന്‍ മലബാറിലെ കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ വടക്കന്‍ മലബാറിലെ കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലെ ഇതരജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനായത് 11500 യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് സഹായകരമായി.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ വിദേശീയരുടെ പങ്കാളിത്തവും ശ്രദ്ധേയമാകുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 42000 വിദേശ ടൂറിസ്റ്റുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗ്രാമീണ ജീവിതാനുഭവ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ വിവിധ ഗ്രാമങ്ങളില്‍ എത്തി. വേള്‍ഡ് ടൂറിസം മാര്‍ക്കറ്റിലെ സുവര്‍ണ്ണ പുരസ്‌കാരം ഉള്‍പ്പെടെ ആറ് ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരള ടൂറിസത്തിന് ലഭിക്കാന്‍ സഹായകമായത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികളിലൂടെയാണ്.

TAGS: Tourism Mission |