ഇന്ത്യയില്‍ 600 പുതിയ റസ്റ്റോറന്റുകളുമായി ടാകോ ബെല്‍

Posted on: May 17, 2019

തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ മെക്സിക്കന്‍ റസ്റ്റോറന്റ് ശ്യംഖലയായ ടാകോ ബെല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി (ബിഎച്ച്പിഎല്‍) ചേര്‍ന്ന് 2029 ഓടെ ഇന്ത്യയില്‍ 600 ലധികം റസ്റ്റോറന്റുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതോടെ യുഎസിനു ശേഷമുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യയും ടാകോ ബെല്ലിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായി ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡും മാറും.

2010 ല്‍ ബാംഗ്ലൂരില്‍ റസ്റ്റോറന്റ് ആരംഭിച്ചുകൊണ്ടാണ് സൗത്ത് കാലിഫോര്‍ണിയ ആസ്ഥാനമായ ടാകോ ബെല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ചത്. ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 2015 ലാണ് കമ്പനിയുടെ പ്രധാന പാര്‍ട്ണറായത്.

ടാകോ ബെല്ലിന്റെ ഗുണമേന്മയുള്ളതും സ്വാധിഷ്ടമുള്ളതുമായ ഭക്ഷണം മിതമായ നിരക്കില്‍ ഇന്ത്യയില്‍ കച്ചവടം ചെയ്യാന്‍ സാധിക്കുമെന്ന് ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.ടാകോ ബെല്ലിന്റെ പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാകോ ബെല്ലിന് ഇന്ത്യ ഒരു വലിയ വിപണിയാണെന്നും ബര്‍മന്‍ ഹോസ്പിറ്റാലിറ്റിയെ ഇവിടുത്തെ പങ്കാളികളായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ടാകോ ബെല്‍ എപിഎസി മാനേജിങ് ഡയറക്ടര്‍ അങ്കുഷ് തുളി പറഞ്ഞു. വടക്കേ അമേരിക്കക്കു പുറത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്നും അടുത്ത ദശകത്തോടെ 600 റസ്റ്റോറന്റുകള്‍ തുടങ്ങാനാണ് തീരുമാനമെന്നും ടാകോ ബെല്ലിന്റെ ഇന്ത്യന്‍ ആരാധകരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലാകമാനം 11 നഗരങ്ങളിലായി 35 റസ്റ്റോറന്റുകള്‍ കമ്പനി ബിഎച്ച്പിഎല്ലുമായി ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. ടാകോസ് മുതല്‍ ബറിറ്റോസ് വരെയുള്ള രുചിക്കൂട്ടുകളാണ് ടാകോ ബെല്ലിന്റെ വിഭവങ്ങള്‍. ക്രിപ്സി പൊട്ടറ്റോ, ടിക്ക മസാല ബറിറ്റോ തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങളും ടാകോ ബെല്‍ ലഭ്യമാക്കുന്നു.

TAGS: Taco Bell |