സോഫ്റ്റ്വെയര്‍ അധിഷ്ഠിത കാര്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആക്‌സിയ ടെക്‌നോളജീസ് ബേസ്മാര്‍ക്കുമായി സഹകരണത്തിന്

Posted on: June 18, 2021

തിരുവനന്തപുരം : ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേസ്മാര്‍ക് എന്ന കമ്പനിയുടെ പുതിയ പാര്‍ട്ണര്‍ പ്രോഗ്രാമായ ‘റോക്ക്‌സോളിഡ് എക്കോസിസ്റ്റം’ പദ്ധതിയുമായി സഹകരിക്കാന്‍ ഒരുങ്ങി ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ്. വാഹന വ്യവസായ മേഖലയില്‍ സോഫ്റ്റ്വെയര്‍ അധിഷ്ഠിത കാര്‍ സാങ്കേതികവിദ്യയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ശക്തമായ ശൃംഖല രൂപീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി സോഫ്റ്റ്വെയറും പ്രൊഫഷണല്‍ സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് ബേസ്മാര്‍ക്ക്. സ്ഥാപകാംഗം എന്ന നിലയ്ക്കാണ് ആക്‌സിയ ടെക്‌നോളജീസ് ഈ പരിപാടിയുടെ ഭാഗമാകുന്നത്. വാഹന വ്യവസായ മേഖലയിലെ മറ്റ് 10 കമ്പനികളുമായി ചേര്‍ന്ന് ആയിരിക്കും പ്രവര്‍ത്തനം.

2014 ലാണ് ആക്‌സിയ ടെക്‌നോളജീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. വാഹന വ്യവസായ മേഖലയില്‍ ബേസ്മാര്‍ക്കുമായി ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിച്ചുവരുന്നു. ”ഓട്ടോണമസ് കാറുകളാണ് വാഹന വ്യവസായ മേഖലയുടെ ഭാവി. ഈ കാറുകള്‍ക്കായി സോഫ്റ്റ്വെയര്‍ വികസിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായ കമ്പനികള്‍ക്ക് അതാത് മേഖലയില്‍ പ്രവര്‍ത്തന വൈദഗ്ധ്യം ഉണ്ട്. ഞങ്ങള്‍ കണക്ട് ചെയ്യപ്പെട്ട കാര്‍ വിഭാഗത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. റോക്ക്‌സോളിഡ് എക്കോസിസ്റ്റം പദ്ധതിയുമായി സഹകരിക്കുന്നത് വളരെയധികം സന്തോഷമുണ്ട്. സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു പൊതു കാഴ്ചപ്പാട് ഉണ്ട് എന്നുള്ളത് സന്തോഷകരമാണ് ‘. ആക്‌സിയ ടെക്‌നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.

കണക്ടഡ്, ഓട്ടോണമസ്, വൈദ്യുതി വാഹന സാങ്കേതികവിദ്യ മേഖലയിലെ സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതില്‍ മികച്ച വൈദഗ്ധ്യം ഉണ്ട് എന്നതിനാല്‍ ബേസ്മാര്‍ക്കിന് ആക്‌സിയ ഒരു നല്ല പങ്കാളിയാകും എന്ന് ജിജിമോന്‍ ചൂണ്ടിക്കാട്ടി. ‘ ലോകോത്തരവും ആധുനികവുമായ സാങ്കേതികവിദ്യ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്ക് വളരെ വലിയ ഒരു അവസരമാണ് നല്‍കുന്നത്. സോഫ്റ്റ്വെയര്‍ അധിഷ്ഠിത കാറുകള്‍ എന്നത് ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമാണ്. ഇത് കൂടുതല്‍ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കും ‘. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോക്ക്‌സോളിഡ് ആരംഭിക്കുന്നതില്‍ ഞങ്ങളെല്ലാവരും ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. സോഫ്റ്റ്വെയര്‍ അധിഷ്ഠിത കാര്‍ വിപണിയില്‍ മുന്‍നിരക്കാരാകുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ മേഖലയില്‍നിന്നാകെ ലഭിക്കുന്ന പിന്തുണയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമാണ്, ഞങ്ങള്‍ ശരിയായ ദിശയിലാണ്. സ്ഥാപകാംഗം എന്ന നിലയില്‍ ആക്‌സിയയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ദീര്‍ഘകാലത്തേക്ക് ഈ ബന്ധം തുടരാന്‍ സാധിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ‘. ബേസ്മാര്‍ക്ക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടെറോസര്‍ക്കിനെന്‍ പറഞ്ഞു.