ബിഎംഡബ്ല്യുവിനായി ഇന്‍ഫോടെയ്ന്‍മെന്റ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കാനുള്ള കരാര്‍ സ്വന്തമാക്കി ആക്‌സിയ ടെക്‌നോളജീസ്

Posted on: June 7, 2022

കൊച്ചി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നൂതന ഇന്‍ഫോടെയ്ന്‍മെന്റ് പദ്ധതിയില്‍ സഹകരിക്കാനുള്ള അവസരം സ്വന്തമാക്കി, കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍ നിര ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ്. നാവിഗേഷന്‍ രംഗത്തെ ലോകത്തിലെ തന്നെ മുന്‍നിര ആഗോള സേവന ദാതാക്കളായ ഗാര്‍മിന്‍, ആക്‌സിയയെ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിന്റെ ഭാഗമായി നൂതന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ജര്‍മ്മനി ആസ്ഥാനമായുള്ള എഒഎക്‌സ് ടെക്‌നോളജീസുമായി അക്‌സിയ കൈകോര്‍ത്തിരിക്കുകയാണ്.

വാഹനങ്ങളില്‍ ഓഡിയോയും വീഡിയോയും ഉള്‍പ്പെടെയുള്ള വിനോദവും വിവരങ്ങളും നല്‍കുന്നതിന് രൂപകല്പന ചെയ്തിട്ടുള്ള ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമാണ് ഇന്‍ഫോടെയ്ന്‍മെന്റ്. ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഗാര്‍മിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്റ്റ്വെയര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആക്‌സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററില്‍ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയര്‍മാരുടെ സംഘത്തെ ജര്‍മനിയിലേക്ക് അയക്കുകയും ചെയ്യും.

ലോകത്തെ മുന്‍നിര ഓട്ടോമോട്ടീവ് കാര്‍ നിര്‍മ്മാതാക്കള്‍ക്കും ടിയര്‍1 കമ്പനികള്‍ക്കും, ഇന്‍ഫോടെയ്ന്‍മെന്റും കണക്റ്റഡ് കാര്‍ പ്രൊഡക്ഷന്‍ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്‌സിയ. ടിസാക്‌സ് (TISAX) ആസ്‌പൈസ് (ASPICE) ഉള്‍പ്പടെ എല്ലാ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷനുമുള്ളവയാണ് ആക്‌സിയയുടെ ഡെവലപ്‌മെന്റ് സെന്ററുകള്‍.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണ് ആക്‌സിയ എന്നും അവരുമായുള്ള പങ്കാളിത്തം തങ്ങളുടെ പ്രവര്‍ത്തങ്ങളെ മികവുറ്റതാക്കാന്‍ ഏറെ സഹായിക്കുമെന്നും ഗാര്‍മിന്‍ ഓട്ടോമൊട്ടീവ് ഒഇഎം എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ കോക്ക്പിറ്റുകള്‍ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ വെല്ലുവിളികളും ആവേശവും നിറഞ്ഞ പദ്ധതിയില്‍ ആക്‌സിയ പോലെയൊരു വിശ്വസ്ത പങ്കാളിയുമായി കൈക്കോര്‍ക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്നും വിജയകരമായി ഈ ദൗത്യം പൂര്‍ത്തീകരിക്കുമെന്നും എഒഎക്സ് കണക്റ്റ് മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്കസ് കിസെന്‍ഡോര്‍ഫര്‍ പറഞ്ഞു.

നീണ്ട മൂല്യനിര്‍ണ്ണയ പ്രക്രിയയിലൂടെയാണ് ഗാര്‍മിന്‍ ആക്‌സിയയെ തിരഞ്ഞെടുത്തതെന്ന് ആക്‌സിയ ടെക്‌നൊളജിസ് സിഇഒ ജിജിമോന്‍ ചന്ദ്രന്‍ വ്യക്തമാക്കി. ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ ചെയ്യുന്ന അപൂര്‍വം ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് ആക്‌സിയ.

ഈ സഹകരണം, ആഗോള വാഹന മേഖലയില്‍ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്.
ആക്‌സിയയിലെ നിലവിലുള്ള എഞ്ചിനീയര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന പ്രതിഭകള്‍ക്കും ഇപ്പോഴുള്ള ആഗോള ബ്രാന്‍ഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാന്‍ഡുമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേര്‍ന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്‌സിയയെ തെരഞ്ഞെടുത്തതില്‍ ഗാര്‍മിന്‍ മാനേജ്മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.

കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പില്‍ ഓട്ടോമോട്ടീവ് സംബന്ധിയായ കോഴ്സുകളില്‍ വിദഗ്ധ പരിശീലനം നല്‍കാനും ആക്‌സിയ സഹകരിക്കുന്നുണ്ട്. എന്‍ജിനിയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കമ്പനി ഇതിനോടകം കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ പ്രോജക്ട് വരാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രൊഫഷണലുകള്‍ക്ക് കൂടി ഏറെ ഗുണകരമായി മാറുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.