ആക്‌സിയ ടെക്‌നോളജീസും എ.ഒ.എക്‌സും കൈകോര്‍ക്കുന്നു

Posted on: July 13, 2023

കൊച്ചി : ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ മേഖലയില്‍ സുപ്രധാന കാല്‍വെപ്പുമായി കേരളത്തില്‍ നിന്നുള്ള ഐ.ടി കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയ ജര്‍മന്‍ കമ്പനിയായ എ.ഒ.എക്‌സുമായി കൈകോര്‍ത്താണ് പുതിയ സാധ്യതകള്‍ക്ക് കളം ഒരുക്കുന്നത്. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.

ബി.എം.ഡബ്ല്യു ഉള്‍പ്പടെയുളള വാഹന ഭീമന്മാര്‍ക്ക് പുതു തലമുറ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ നിര്‍മിച്ച് ആഗോള തലത്തില്‍ ശ്രദ്ധ നേടിയ സ്ഥാപനമാണ് ആക്‌സിയ ടെക്‌നോളജീസ്. ഇരു സ്ഥാപനങ്ങളും ഒരുമിക്കുന്നതോടെ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഓട്ടോസാര്‍, ഇതര്‍നെറ്റ്, പി.സി.ഐ തുടങ്ങിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി അത്യാധുനിക സോഫ്റ്റ്വെയര്‍ ഡിസൈനുകളുടെ സഹായത്തോടെ കാര്‍ വ്യവസായത്തില്‍ വലിയ മുന്നേറ്റങ്ങളാണ് സാധ്യമാകുന്നത്.

ഇതിലൂടെ 1000 തൊഴില്‍ അവസരങ്ങളാണ് തുറക്കപ്പെടുന്നത്. ഓട്ടോമോട്ടീവ് സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുമായി ഇടപഴകാനും കൂടുതല്‍ സംഭാവനകള്‍ നല്‍കാനുമുള്ള അവസരങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഈ സഹകരണത്തിലൂടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിലെ ജര്‍മ്മനിയുടെ ആഗോള നേതൃത്വവും സോഫ്റ്റ്വെയര്‍ വ്യവസായത്തിലെ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും ഉപയോഗപ്പെടുത്താനാകുമെന്നും ഇതുവഴി ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റങ്ങള്‍ക്കാണ് അവസരം ഒരുങ്ങുന്നതെന്നും ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.

ടെക്‌നോപാര്‍ക്കിന് പുറമേ കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സെന്ററുകളുള്ള ആക്‌സിയ ടെക്‌നോളജീസ് മാസങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ആര്‍ട്ടിക്ടെര്‍ണ്‍ സൊല്യൂഷന്‍സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തിരുന്നു.

ജര്‍മ്മനിയിലെയും യൂറോപ്പിലെയും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം തന്നെ നല്‍കാന്‍ ആക്‌സിയയുടെയും എ.ഒ.എക്‌സിന്റെയും സഹകരണത്തിലൂടെ സാധിക്കുമെന്ന് എ.ഒ.എക്‌സ് സി.ഇ.ഒ റൈനര്‍ ഓഡര്‍ കൂട്ടിച്ചേര്‍ത്തു.