ഐഡിയ ബിസിനസ്

Posted on: August 26, 2014

Fresh-ideas-big

മികച്ച ആശയങ്ങൾ സ്വന്തമായുണ്ടെങ്കിൽ അതുവഴി സമ്പന്നനാകാൻ ഇതാ ഒരവസരം. മൊബൈൽ ആപ്പ് സംബന്ധിയായ ആശയങ്ങളുള്ള വ്യക്തികളിൽ നിന്നും ഐടി കമ്പനിയായ അഡെപ്റ്റ്‌പ്രോസാണ് ആശയങ്ങൾ ക്ഷണിക്കുന്നത്.

പതിവിൽ നിന്നു വ്യത്യസ്തമായ മൊബൈൽ ആപ് ആശയമാണു നിങ്ങൾക്കുള്ളതെങ്കിൽ ഇതൊരു മികച്ച അവസരം തന്നെയാവും. സ്വന്തമായുള്ള ആശയം ഉപയോഗിച്ച് എങ്ങനെ ആപ്പുകൾ വികസിപ്പിക്കുമെന്നറിയാത്തതും ഡവലപ്പർ പശ്ചാത്തലം ഇല്ലാത്തതുമൊന്നും മികച്ച ആശയമുള്ളവർക്കു തടസമാകില്ലത്രെ. തങ്ങളെ സമീപിച്ചാൽ ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്ന് അഡെപ്റ്റ്‌പ്രോസ് അവകാശപ്പെടുന്നു.

മൊബൈൽ, വെബ് 2.0 ഉത്പന്നങ്ങളും ആപ്ലിക്കേഷനുകളും ഗെയിമുകളും സൊലൂഷനുകളും ഡവലപ്‌മെന്റ് സേവനങ്ങളും കൈകാര്യം ചെയ്യുന്ന അമേരിക്കയിലെ അരിസോന ആസ്ഥാനമായുള്ള കമ്പനിയാണ് അഡെപ്റ്റ്‌പ്രോസ്. ആപ്പുകളിലൂടെ കോടീശ്വരനാകാൻ സഹായിക്കുന്ന ആപ്പിയനെയർ എന്ന മൊബൈൽ ആപ്പുകളിൽ കേന്ദ്രീകരിച്ചുള്ള ഇൻക്യൂബേറ്റർ പദ്ധതിയാണിത്. വ്യക്തികളുടെ ആശയങ്ങൾ യഥാർത്ഥ ബിസിനസായി മാറ്റുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആപ്പിയനെയർ പദ്ധതിയിൽ ലഭിക്കുന്ന ആശയങ്ങൾ ഷോർട്ട് ലിസ്റ്റു ചെയ്ത ശേഷം അവയിൽ നിന്നുള്ള മൂന്നു മികച്ച ആശയങ്ങൾ കണ്ടെത്തി അവയ്ക്കായി അഡെപ്റ്റ്‌പ്രോസ് തങ്ങൾക്ക് 20 ശതമാനം ഓഹരിയോടെ പുതിയ കമ്പനി രൂപവൽക്കരിക്കും. 70 ശതമാനം ഓഹരികൾ ആശയം സൃഷ്ടിച്ചവർക്കും ശേഷിക്കുന്നത് അഞ്ചു ബോർഡ് അംഗങ്ങൾക്കുമായായിരിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫസറുമായ വെങ്കെട് നല്ലപതിയിൽ നിന്നു ലഭ്യമാണ്.

ഇമെയിൽ : [email protected] വെബ്‌സൈറ്റ് : www.adeptpros.com

TAGS: Adeptpros | Mobile App |