നാല് മൊബൈൽ ആപ്പുകളുമായി ഐ സി ഐ സി ഐ ബാങ്ക്

Posted on: September 22, 2014

ICICI-Bank-Logo-bഇടപാടുകാർക്ക് ഏറെ പ്രയോജനകരമായ പുതിയ നാല് മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഐ സി ഐ സി ഐ ബാങ്ക് അവതരിപ്പിച്ചു. എല്ലാ മൊബൈൽ ആപ്പുകളും ഐ സി ഐ സി ഐ സ്റ്റോർ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

മൊബൈൽ ബാങ്കിംഗ് രംഗത്ത് പുതിയ ചലനങ്ങൾക്ക് ഈ ആപ്പുകൾ ഇടയാക്കുമെന്ന് ഐ സി ഐ സി ഐ ബാങ്ക് എം ഡിയും സി ഇ ഒയുമായ ചന്ദാ കൊച്ചാർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇടപാടുകാരുടെ സൗകര്യത്തിനു മുൻതൂക്കം നൽകാനുള്ള ഐ സി ഐ സി ഐ ബാങ്കിന്റെ എക്കാലത്തെയും താത്പര്യത്തിന്റെ ഫലമാണ് ഈ ആപ്ലിക്കേഷനുകളെന്ന് അവർ പറഞ്ഞു.

ഐ സി ഐ സി ഐ സ്റ്റോർ ആപ്പിനുപുറമേ ഇൻസ്റ്റാ ബാങ്കിംഗ്, വീഡിയോ ബാങ്കിംഗ്, എം പാസ്ബുക്ക് എന്നിവയാണ് പുതിയ ആപ്പുകൾ. ഐ സി ഐ സി ഐ സ്റ്റോറിൽ നിന്ന് വിവിധ ആപ്ലിക്കേഷനുകൾ സെലകട് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും എളുപ്പം സാധ്യമാകും.

ഇതര ബാങ്കുകൾ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ആപ്ലിക്കേഷനാണ് ഇൻസ്റ്റാ ബാങ്കിംഗ്. ശാഖകൾ സന്ദർശിച്ചു നടത്തേണ്ടിവരുന്ന വിവിധ ഇടപാടുകൾ ഏറ്റവും സുഗമമാക്കാൻ ഇതുപകരിക്കും. ഏഴു ദിവസം മുമ്പുവരെ അപേക്ഷകൾ ഫോണിലൂടെ നൽകിയ ശേഷം നിശ്ചിത സമയത്ത് ബാങ്ക് ശാഖയിലെത്തി സമയം നഷ്ടമാക്കാതെ ആവശ്യം നിറവേറ്റി മടങ്ങാം. പണം നിക്ഷേപം, പിൻവലിക്കൽ, ഡി ഡി എടുക്കൽ, വ്യക്തിഗത വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയ ഇടപാടുകൾ ഇതിൽപ്പെടുന്നു.

വെൽത്ത്, എൻ ആർ ഐ വിഭാഗം ഇടപാടുകാർക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ സംശയം തീർക്കാനും ഇതര ആശയവിനിമയങ്ങൾക്കുമായി ബാങ്ക് എക്‌സിക്യൂട്ടീവുമായി ഏതു നേരവും വീഡിയോ ചാറ്റിംഗ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് വീഡിയോ ബാങ്കിംഗ്. മൊബൈൽ ഇന്റർനെറ്റ് സംവിധാനമില്ലാതെതന്നെ ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ്, പി പി എഫ് അക്കൗണ്ട് ഉൾപ്പെടെ എല്ലാ ട്രാൻസാക്ഷൻ വിവരങ്ങളും എം പാസ് ബുക്കിലൂടെ നിരീക്ഷിക്കാൻ കഴിയും.