ഒപ്പോ എഫ് വൺ

Posted on: January 28, 2016

Oppo-F1-Big

ഒപ്പോ മൊബൈലിന്റെ പുതിയ കാമറ ഫോൺ ഒപ്പോ എഫ് വൺ വിപണിയിലെത്തി. കേവലം 15,990 രൂപ വിലയിലെത്തുന്ന ഈ ഫോണിനെ സെൽഫി എക്‌സ്‌പെർട്ട് എന്ന വിളിപ്പേരിലാണ് ഒപ്പോ അവതരിപ്പിക്കുന്നത്. സെൽഫി തരംഗം തീർക്കുന്ന ആധുനിക കാലത്തിനു തികച്ചും അനുയോജ്യമായ ഈ കാമറ ഫോൺ വിപണിയിൽ പുതിയൊരു തരംഗം ഉണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

8 മെഗാ പിക്‌സൽ ഫ്രണ്ട് കാമറയാണ് ഒപ്പോ എഫ് വണ്ണിനെ സെൽഫി എക്‌സ്‌പെർട്ട് എന്ന വിളിപ്പേരിന് അർഹമാക്കുന്നത്. എഫ്/2.0 അപ്പർച്ചർ ലെൻസും, 1/4 ഇഞ്ച് സെൻസറുമാണ് ഈ കാമറയ്ക്കുള്ളത്. കൂടാതെ കുറഞ്ഞ പ്രകാശത്തിലും സെൽഫിയെടുക്കാൻ സഹായിക്കുന്ന സ്‌ക്രീൻ ഫ്‌ലാഷ് സംവിധാനവും എഫ് വണ്ണിലുണ്ട്. ആംഗ്യങ്ങൾ ഉപയോഗിച്ചോ, സ്‌പോക്കൺ കമന്റുകൾ ഉപയോഗിച്ചോ സെൽഫി ഷൂട്ട് ചെയ്യാമെന്നതാണ് മറ്റൊരു സൗകര്യം. സെൽഫി എടുക്കാൻ ഇത്ര വിപുലമായ സൗകര്യങ്ങളുള്ള ആദ്യ മോഡലാണിത്.

13 മെഗാപിക്‌സൽ പിൻ കാമറയാണ് ഒപ്പോ എഫ് വണ്ണിനുള്ളത്. ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ്, ആന്റിഷേക്ക് ഒപ്റ്റിമൈസേഷൻ ഫീച്ചറുകളുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 616 സീരീസ് ഒക്ടാകോർ പ്രോസസർ, 3 ജിബി റാം, 16 ജിബി റോം ശേഷിയുള്ള സെൽഫി എക്‌സ്‌പെർട്ട് സിൽക്ക് പോലെ തോന്നിപ്പിക്കുന്ന മെറ്റൽ പാനൽ ബോഡിയുമായി എത്തുന്നു. ഗോൾഡൻ, റോസ് ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ് ഈ മോഡൽ.

സെൽഫി എക്‌സ്‌പെർട്ടിന്റെ അടുത്ത മോഡൽ എഫ് വൺ പ്ലസ് ഏപ്രിലിൽ വിപണിയിലെത്തും. 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീനും, 4 ജിബി റാമും ഉള്ള മോഡലാണിത്.