കീസ്റ്റോണ്‍ റിയല്‍റ്റേര്‍സ് ഐപിഒയ്ക്ക്

Posted on: June 14, 2022

കൊച്ചി : റിയല്‍എസ്റ്റേറ്റ് ഡവലപ്പറും റുസ്‌തോംജീ ബ്രാന്‍ഡ് ഉടമകളുമായ കീസ്റ്റോണ്‍ റിയല്‍റ്റേര്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 850 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 700 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 150 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ അല്ലെങ്കില്‍ കമ്പനിയുടെ ചില ഉപസ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവുകള്‍ക്കും മുന്‍കൂര്‍ അടവുകള്‍ക്കും ഭാവിയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക.

ആക്‌സിസ് ക്യാപിറ്റല്‍, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.