മുത്തൂറ്റ് ഫിനാൻസിന് 2,103 കോടി രൂപ അറ്റാദായം

Posted on: May 14, 2019

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡും ഉപകമ്പനികളും ചേര്‍ന്ന് 2018-19-ല്‍ 2103 കോടി രൂപ സഞ്ചിതലാഭം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1844 കോടി രൂപയേക്കാള്‍ 14 ശതമാനം കൂടുതലാണിത്.

റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വായ്പ മുന്‍വര്‍ഷമിതേ കാലയളവിലെ 31921 കോടി രൂപയില്‍നിന്ന് 20 ശതമാനം വളര്‍ച്ചയോടെ 38304 കോടി രൂപയിലേക്ക് ഉയര്‍ന്നു. 2019 മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ കമ്പനി നല്‍കിയ മൊത്തം വായ്പ ഏഴു ശതമാനം വര്‍ധനയോടെ 2361 കോടി രൂപയിലെത്തിഅതേസമയം, മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 2018-19ല്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 1778 കോടി രൂപയേക്കാള്‍ 11 ശതമാനം വര്‍ധനയോടെ 1972 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഈ കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രം നല്‍കിയിട്ടുള്ള മൊത്തം വായ്പ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനയോടെ 34246 കോടി രൂപയിലെത്തി. 2017-18ലിത് 29142 കോടി രൂപയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനിയായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് വായ്പ മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം വര്‍ധയോടെ 1908 കോടി രൂപയിലെത്തിയിട്ടുണ്ട്. നാലാം ക്വാര്‍ട്ടറില്‍ വായ്പയില്‍ 72 കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. കമ്പനി 2018-19ല്‍ 226 കോടി രൂപ വരുമാനവും 36 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 117 കോടി രൂപയും 22 കോടി രൂപയും വീതമായിരുന്നു.

റിസര്‍വ് ബാങ്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൈക്രോ ഫിനാന്‍സ് കമ്പനിയായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വായ്പശേഖരത്തിന്റെ വലുപ്പം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1842 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 1138 കോടി രൂപയായിരുന്നു. വര്‍ധന 62 ശതമാനമാണ്. നാലാം ക്വാര്‍ട്ടറില്‍ ബെല്‍സ്റ്റാറിന്റെ വായ്പ 279 കോടി കണ്ടു വര്‍ധിച്ചു. കമ്പനി 2018-19ല്‍ 73 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലെ അറ്റാദായം 27 കോടി രൂപയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ ഉപകമ്പനിയായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ 268 കോടി രൂപ പ്രീമിയം നേടി. മുന്‍വര്‍ഷമിത് 169 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 11 കോടി രൂപയില്‍നിന്ന് 15 കോടി രൂപയായി വര്‍ധിച്ചു.

മുത്തൂറ്റ് ഫിനാന്‍സിന് 69.17 ശതമാനം ഓഹരി പങ്കാളിത്തമുള്ള ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് 2018-19ല്‍ 1257 കോടി ശ്രീലങ്കന്‍ രൂപ വായ്പയായി നല്‍കി. മുന്‍വര്‍ഷമിത് 995 കോടി രൂപയായിരുന്നു. വര്‍ധന 26 ശതമാനം. 2019 മാര്‍ച്ചിലവാസനിച്ച നാലാം ക്വാര്‍ട്ടറില്‍ 94 കോടി രൂപയുടെ വായ്പ കമ്പനി നല്‍കി. കമ്പനി 2018-19ല്‍ 287 കോടി ശ്രീലങ്കന്‍ രൂപ വരുമാനവും 10 കോടി ശ്രീലങ്കന്‍ രൂപ അറ്റാദായവും നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 257 കോടി ശ്രീലങ്കന്‍ രൂപ, 18 കോടി ശ്രീലങ്കന്‍ രൂപ വീതമായിരുന്നു.

2018-ല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ ഉപകമ്പനിയായി മാറിയ ബാങ്കിംഗേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ വായ്പ 311 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി അടുത്തകാലത്ത് വാണിജ്യ വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വായ്പ നല്‍കിത്തുടങ്ങിയിട്ടുണ്ട്. മൂത്തൂറ്റ് ഗ്രൂപ്പിന്റെ സഞ്ചിത വായ്പ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വര്‍ധനയോടെ 38304 കോടി രൂപയിലും സഞ്ചിത ലാഭം 14 ശതമാനം വര്‍ധനയോടെ 2103 കോടി രൂപയിലും എത്തിയിരിക്കുകയാണ്. കമ്പനി ഇക്കഴിഞ്ഞ വര്‍ഷത്തില്‍ 120 ശതമാനം (12 രൂപ) ഇടക്കാല ലാഭവീതവും നല്‍കി. കമ്പനി ഈ കാലയളവില്‍ ഡിബഞ്ചര്‍ നല്‍കി 709 കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. 2018-19ലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചുകൊണ്ട് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

2018-19ല്‍ മുത്തൂറ്റ് ഫിനാന്‍സ് 18 ശതമാനം വായ്പാ വളര്‍ച്ച നേടി. വായ്പ മുന്‍വര്‍ഷത്തെ 29142 കോടി രൂപയില്‍നിന്ന് 34246 കോടി രൂപയിലെത്തിയിട്ടുണ്ട്. വായ്പ നല്‍കുന്നതില്‍ ഉപകമ്പനികളും മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. അവയുടെ വായ്പ 51 ശതമാനം വളര്‍ച്ചയോടെ 3012 കോടി രൂപയില്‍നിന്ന് 4558 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ മൊത്തം വായ്പയില്‍ സബ്‌സിഡിയറികളുടെ സംഭാവന 12 ശതമാനമാണ്”, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പ്രവര്‍ത്തനഫലം വിശദീകരിച്ചുകൊണ്ടു അറിയിച്ചു.

TAGS: Muthoot Finance |