ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തില്‍ നിന്നുള്ള എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പ് ‘ഇന്റര്‍വെല്‍’

Posted on: September 18, 2023

കൊച്ചി : വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്‌ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്നതിന് ഫിന്‍ലന്‍ഡ് സാമ്പത്തിക കാര്യ മന്ത്രാലയം തുടക്കമിട്ട ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തിലേക്ക് മലപ്പുറത്ത് നിന്നുള്ള ഇന്റര്‍വെല്‍ എന്ന എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാര്‍ട്ടപ്പ് സംരഭമാണ് മലപ്പുറം അരീക്കോട് ആസ്ഥാനമായുള്ള ‘ഇന്റര്‍വെല്‍’.

വടക്കന്‍ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ളതും ഫിന്‍ലന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ താംപരെയിലാണ് ‘എക്‌സ്പീരിയന്‍സ് താംപരെ’ എന്ന പേരില്‍ ഈ മാസം 12 മുതല്‍ 16 വരെ ആഗോള ടെക്ക് സംഗമം നടന്നത്. യൂറോപ്പിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുള്ള നഗരം കൂടിയാണിത്.

നാലു ദിവസം നീണ്ട സമ്മേളനത്തില്‍ ലോകത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് മെന്റര്‍മാരുമായും ആക്‌സിലറേറ്റര്‍മാരുമായും ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചതായി ഇന്റര്‍വെല്‍ സ്ഥാപകന്‍ റമീസ് അലി പറഞ്ഞു. ”നല്ല പിന്തുണയാണ് ലഭിച്ചത്. യുറോപ്പിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ സഹായവും ലഭിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന ഫിന്‍ലന്‍ഡ് എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. ഇത് വിദേശ സംരംഭകര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്,” റമീസ് പറഞ്ഞു.

എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമുകള്‍ പിന്തുടരുന്ന പതിവ് രീതികളില്‍ നിന്ന് വ്യത്യസ്മായി വണ്‍-റ്റു-വണ്‍ ലൈവ് ട്യൂട്ടറിങ് ആണ് ഇന്റര്‍വെല്‍ പിന്തുടരുന്നത്. അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധ നല്‍കുകയും ചെയ്യുന്ന സംവിധാനമാണിതെന്ന് റമീസ് പറഞ്ഞു. നിലവില്‍ ഇന്റര്‍വെല്‍ പ്ലാറ്റ്‌ഫോമില്‍ നാലായിരത്തിലേറെ അധ്യാപകരുണ്ട്. 218 ജീവനക്കാരുമുണ്ട്. 30 രാജ്യങ്ങളിലായി 25000ലേറെ വിദ്യാര്‍ത്ഥികളുമുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട് ആസ്ഥാനമായി കമ്പനി 2021ലാണ് തുടങ്ങിയത്. രണ്ടു വര്‍ഷത്തിനകം തന്നെ 15 കോടി രൂപ വരുമാനം നേടി. യൂറോപ്പ് കേന്ദ്രീകരിച്ച് വിവിധ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണെന്നും റമീസ് അറിയിച്ചു.