ആഗോള മെന്‍സ് വെയര്‍ വിപണി കീഴടക്കാന്‍ മലയാളി സ്റ്റാര്‍ട്ടപ്പ് ജി ആന്റ് എ്

Posted on: July 26, 2023

കൊച്ചി : ആഗോള വസ്ത്ര വിപണിയില്‍ പുതു ചുവടുവെപ്പുമായി കേരളം ആസ്ഥാനമായ മെന്‍സ് വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ജിയാക്ക ആന്റ് അബിറ്റോ സാര്‍ട്ടോറിയാല്‍ (ജി ആന്‍ഡ് എ). ആഗോള വിപണിയിലേക്ക് ഏറ്റവും മികച്ച പ്രീമിയം വസ്ത്രങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്റ് വിപണിയാണ് ജി ആന്‍ഡ് എ ലക്ഷ്യമിടുന്നത്.

ഓസ്‌ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് കൂടി വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് ന്യൂസിലാന്റിലേക്ക് വിപണി വ്യാപിപ്പിക്കുന്നത്. ജി ആന്റ് എയുടെ ക്യാഷ്വല്‍ ബ്രാന്റായ ബെയര്‍ ബ്രൗണിന്റെ മിസ്റ്റര്‍ ബ്രൗണ്‍ ശ്രേണിയിലെ വസ്ത്രങ്ങളാണ് ന്യൂസിലാന്റ് മാര്‍ക്കറ്റില്‍ പ്രധാനമായും വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നത്. യുവ തലമുറയുടെ പ്രതീകമായിട്ടാണ് മിസ്റ്റര്‍ ബ്രൗണിനെ ജി ആന്റ് എ അവതരിപ്പിക്കുന്നത്. ബെയര്‍ ബ്രൗണിന് പുറമേ മറ്റൊരു ബ്രാന്റായ ‘ടി ദ ബ്രാന്റി’ലും ക്യാഷ്വല്‍, ഫോര്‍മല്‍, പോളോ ഇനങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രീമിയം കളക്ഷന്‍ ഒരുക്കിയിട്ടുണ്ട്. യുവാക്കള്‍ക്ക് പുറമേ ഏത് പ്രായക്കാര്‍ക്കും ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വിപണിയാണ് ജി ആന്റ് എ ലക്ഷ്യമിടുന്നത്. www.barebrownandtea.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുളള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ കൂടുതല്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

ഓസ്‌ട്രേലിയയുമായുള്ള സാമീപ്യവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണവുമാണ് ന്യൂസിലന്റിലേക്ക് വിപണി വിപുലീകരിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് ജി ആന്റ് എ സ്ഥാപകനും സി.ഇ.ഓയുമായ ശ്രീജിത് ശ്രീകുമാര്‍ പറഞ്ഞു. ജനസംഖ്യ കുറവുള്ള രാജ്യമായതിനാല്‍ മിക്ക ബ്രാന്റുകള്‍ക്കും ന്യൂസിലാന്റ് വിപണിയോട് താല്‍പര്യം കാണിക്കുന്നില്ല. അതേസമയം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബഡ്ജറ്റില്‍ നിന്ന് കൊണ്ട് ഏറ്റവും മികച്ച പ്രീമിയം ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.