കംപ്യൂട്ടര്‍ വിഷന്‍ പ്ലാറ്റ്‌ഫോമായ ക്യാം കോം സ്റ്റാര്‍ട്ടപ്പിന് സൗദി സര്‍ക്കാരുമായി കരാര്‍

Posted on: April 22, 2023

കോട്ടയം : മലയാളിക്കു പങ്കാളിത്തമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി ക്യാംകോം സൗദി സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചു. 61.5 കോടിയിലധികം രൂപയ്ക്കാണു വിവിധ നഗരവല്‍ക്കരണ പദ്ധതികളില്‍ സഹകരിക്കുന്നതിനു സൗദി മുംമ്‌റ (മിനിസ്ട്രി ഓഫ്മുനിസിപ്പാലിറ്റി റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ്) വകുപ്പുമായി കരാറായത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വിഷന്‍ പ്ലാറ്റ്‌ഫോമാണു ക്യാംകോം.

പ്ലാസ്റ്റിക്, ലോഹം, ഗ്ലാസ് എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന വസ്തുക്കളുടെ ചിത്രമെടുത്താലുടന്‍ അതിന്റെ കേടുപാടുകള്‍ തിരിച്ചറിഞ്ഞ് അതുനന്നാക്കണൊ മാറ്റി പുതിയതു സ്ഥാപിക്കണൊ എന്നു കണ്ടത്തുന്ന സംവിധാനമാണു ക്യാംകോം. പ്രമുഖ കാര്‍ നിര്‍മാതാക്കളും ഇന്‍ഷുറന്‍സ് കമ്പനികളും ഉപയോഗിക്കുന്ന ക്യാംകോം ഇതാദ്യമായാണ് ഒരു സര്‍ക്കാരുമായി ചേര്‍ന്ന് ഇത്രവലിയ പദ്ധതിയില്‍ സഹകരിക്കുന്നതെന്നു കമ്പനി സഹസ്ഥാപകനും സിഇഒയുമായ കോട്ടയം ചിറ്റേഴത്ത് അജിത് നായര്‍ പറഞ്ഞു.

പൊതുനിരത്തുകളിലും മറ്റും പ്രശ്‌നകരമായ എന്തു കണ്ടാലും അതിന്റെ ചിത്രമെടുത്ത് അയ്ക്കാന്‍ സൗദി സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി മൂന്നുവര്‍ഷം മുന്‍പ് സ്‌നാപ് ആന്‍ഡ് സെന്‍ഡ് എന്ന ആപ്പ് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 30ലക്ഷം ചിത്രങ്ങളാണ് ആപ്പില്‍ ലഭിച്ചത്. ഇത്രയധികം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍മിതബുദ്ധിയുടെ സഹായം കൂടിയേതീരൂ എന്ന് മനസ്സിലാക്കിയാണ് ക്യാംകോമുമായിക്കാന്‍ സൗദി തീരുമാനിച്ചത്.

തമിഴ്‌നാട് സ്വദേശി മഹേഷ് സുബ്രഹ്‌മണ്യം, ആന്ധ്ര സ്വദേശി ഉമ മേഹേഷ് എന്നിവരുമായി ചേര്‍ന്ന് 2017ല്‍ ബെംഗളൂരുവില്‍ ആരംഭിച്ചതാണ് ക്യാംകോം സ്റ്റാര്‍ട്ടപ് കമ്പനി.