സ്റ്റാര്‍ട്ടപ്പ് ”ഡ്രൈവ്എക്‌സില്‍” ടിവിഎസ് നിക്ഷേപം

Posted on: August 26, 2022


കൊച്ചി : ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ട് അപ്പായ ഡ്രൈവ്എക്‌സില്‍(എന്‍കാര്‍സ് മൊബിലിറ്റി മില്ലേനിയല്‍ സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) നിക്ഷേപമിറക്കുന്നു. മുന്‍ ഉടമസ്ഥതയുള്ള ഇരുചക്ര വാഹനങ്ങളുടെ പ്ലാറ്റ് ഫോമാണ് ഡ്രൈവ്എക്‌സ്. അസംഘടിത മേഖലയില്‍ നിന്നും സംഘടിത മേഖലയിലേക്ക് മാറി ഘടനാപരമായ മാറ്റം ദൃശ്യമായിക്കൊണ്ടിരിക്കുന്ന മുന്‍ ഉടമസ്ഥതയുള്ള (പ്രീ ഓണ്‍ഡ്) വാഹനങ്ങളുടെ വിപണിയില്‍ ശക്തമായ സാധ്യതയാണിപ്പോഴുള്ളത്.

ഡ്രൈവ്എക്‌സ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ നിക്ഷേപത്തിലൂടെ ഈ ലക്ഷ്യം വിപുലീകരിക്കാനും മുന്‍ ഉടമസ്ഥതയുള്ള ഇരുചക്രവാഹനങ്ങളുടെ ബിസിനസ്സില്‍ ഉപയോക്താക്കളുടെ ഉയര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലേക്ക് വളരാനും കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവ്എക്‌സ് സ്ഥാപകനും സിഇഒയുമായ നരേന്‍ കാര്‍ത്തികേയന്‍ പറഞ്ഞു.

ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളിലൂടെയും നൂതനമായ സേവനങ്ങളിലൂടെയും ഉപയോക്താക്കളില്‍ വിശ്വാസ്യതയും ഉറപ്പും വളര്‍ത്തിയെടുക്കാന്‍ ഡ്രൈവ്എക്‌സിന് കഴിഞ്ഞിട്ടുണ്ടെന്നും ഈ മേഖലയില്‍ മികച്ച മാറ്റം കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിക്കുമെന്നതില്‍ കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു അഭിപ്രായപ്പെട്ടു.

മുന്‍ ഉടമസ്ഥതയിലുള്ള (പ്രീ ഓണ്‍ഡ്) ഇരുചക്രവാഹന വിപണി അതിവേഗം വളരുകയാണ്. ഡിജിറ്റല്‍വല്‍ക്കരണവും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയും ഈ മേഖലയില്‍ സമീപവര്‍ഷങ്ങളില്‍ നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും താല്പര്യം വളരെയധികം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഡ്രൈവ്എക്‌സിലെ ഈ നിക്ഷേപം ഈ മാറ്റത്തെ നയിക്കുന്നതിന് നൂതനമായ മാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

 

TAGS: TVS |