കോവിഡ് രോഗതീവ്രത പ്രവചിക്കാന്‍ സാജിനോമിന്റെ ജീന്‍ അധിഷ്ഠിത ടെസ്റ്റ് കിറ്റ്

Posted on: November 1, 2021

കൊച്ചി : കോവിഡ് തീവ്രത നിര്‍ണയത്തിനായുള്ള ജീന്‍ അധിഷ്ഠിത പരിശോധനാ കിറ്റ് വികസിപ്പിച്ച് ബയോ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സാജിനോം.

കോവിഡ് ബാധിക്കാത്തവര്‍ക്കും പോസിറ്റീവ് ആയിരിക്കുന്നവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള സങ്കീര്‍ണതകളെ നേരത്തെ നിര്‍ണയിച്ച് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനുതകുന്ന കോവിജീന്‍ എന്ന കിറ്റ് ആണ് സാജിനോം വികസിപ്പിച്ചെടുത്തത്. ഏറ്റവും മികച്ച സാങ്കേതിക മികവുകളെ അടിസ്ഥാനമാക്കി ജനിതക ശാസ്ത്രത്തിന്റെ പഠനവും ഗവേഷണവും നടത്തികൊണ്ടിരിക്കുന്ന സ്ഥാപനമായ സാജിനോം ഓമൈജീന്‍ എന്ന പ്ലാറ്റ്‌ഫോമില്‍ കൂടിയാണ് ഈ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.ohmygene.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കോവിഡിന്റെ അനന്തരഫലങ്ങള്‍ ചിലര്‍ക്ക് നാമമാത്രവും മറ്റു ചിലര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗങ്ങളും ഉണ്ടാക്കും. പ്രായത്തിനനുസരിച്ചും അര്‍ബുദം, ഹൃദ്രോഗങ്ങള്‍ എന്നിവയുടെ സ്വാധീനത്തിലും ഈ അനന്തര ഫലങ്ങള്‍ വ്യത്യസ്തമാണ്. പഠനങ്ങള്‍ തെളിയിക്കുന്നത് കോവിഡ് കാരണം ഉണ്ടാകുന്ന ഇത്തരം സങ്കീര്‍ണമായ രോഗങ്ങള്‍ ജനിതക ഘടകങ്ങളെ ആശ്രയിച്ചിരിക്കും എന്നാണ്. ജനിതക വിശകലനത്തിലൂടെ വികസിപ്പിച്ചെടുത്ത കോവിജീന്‍ കോവിഡ് വന്നാല്‍ സങ്കീര്‍ണമാകുമോ എന്നറിയാന്‍ പ്രയോജനപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.

എച്ച്. എല്‍. എല്‍ ലൈഫ് കെയര്‍ മുന്‍ സി.എം.ഡി ഡോ. എം അയ്യപ്പന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മുന്‍ ഡയറക്ടര്‍ പ്രഫ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കുന്ന സാജിനോം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്.

നാലു ജീനുകളുടെ വിശകലനത്തിലൂടെയാണ് കോവിഡ് 19 അനന്തര ഫലങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിക്കുന്നതെന്ന് ഡോ. രാധാകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോഴത്തെ ക്ലിനിക്കല്‍ സമ്പ്രദായവുമായി ജനിതക വിശകലനത്തെ സംയോജിപ്പിക്കുമ്പോള്‍ രോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രവചനം കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് തങ്ങളുടെ വിദഗ്ധര്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയുമായി ബന്ധപ്പെട്ട ജീനുകളെ വേര്‍തിരിച്ച് നിര്‍ണയിക്കുന്ന പ്രക്രിയയിലായിരുന്നു. ഈ ഗവേഷണഫലങ്ങളാണ് ഒരു വ്യക്തിയില്‍ രോഗാനന്തര സാഹചര്യങ്ങള്‍ ഗുരുതരമാകുമോ എന്ന് നിര്‍ണയിക്കാന്‍ സഹായിച്ചത്. ആരോഗ്യവിദഗ്ധരുമായി ഈ ഫലം പങ്കുവച്ച് ചികിത്സയ്ക്കുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.