യു.എസ് എ ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

Posted on: September 25, 2021

തിരുവനതപുരം : യു.എസിലെ ‘ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ അമേരിക്ക’ (ഒ.ആര്‍.എഫ്. അമേരിക്ക), യു.എസ് കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന യു.എസ്.എ പവലിയന്‍ അറ്റ് എക്സപോ 2020 ഫെല്ലോസ് പ്രോഗ്രാമില്‍ കേരളത്തില്‍ നിന്നുള്ള വൈദ്യുതി എനര്‍ജി സര്‍വീസസ് (വി.ഇ.എസ്) ഇടംപിടിച്ചു. തിരുവന്തപുരം ആസ്ഥാനമായ ഈ സ്റ്റാര്‍ട്ട്അപ്പിനെ പ്രതിനിധികരിച്ച് കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമായ വാണി വിജയ് ഏഴു മാസത്തെ ഫെലോഷിപ്പ് പദ്ധതിയില്‍ പങ്കെടുക്കും.

ഒക്ടോബറില്‍ ദുബായില്‍ തുടങ്ങുന്ന എക്സ്പോ 2020 -നോടനുബന്ധിച്ചാണ് യു.എസ്.ഏഴുമാസത്തെ ഫെലോഷിപ്പ് ഒരുക്കുന്നത്. ഇന്ത്യയില്‍ നിന്നാകെ രണ്ട് കമ്പനികള്‍ക്കാണ് യുഎസ് പവലിയന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിട്ടുള്ളത്. ലിംഗസമത്വവുമായി ബന്ധപ്പെട്ട് ജന്‍ഡര്‍ പാര്‍ക്കില്‍ വച്ചു നടന്ന ആഗോള സമ്മേളനം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പരിപാടിയെന്ന രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചതാണ് വൈദ്യുതി എനര്‍ജി സര്‍വീസസിന് എക്‌സ്‌പോയിലേക്കുള്ള വഴി തുറന്നത്.

ഓരോ രാജ്യത്തുമുള്ള യുഎസിന്റെ നയതന്ത്ര വിഭാഗമാണ് യോഗ്യരായവരെ നാമനിര്‍ദേശം ചെയ്തത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അന്തിമ പട്ടികയിലേക്ക് വാണി വിജയ് യും വൈദ്യുതി എനര്‍ജി സര്‍വീസസും എത്തിപ്പെട്ടത്.

കാര്‍ബണ്‍ ന്യൂട്രല്‍ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി ഗവേഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലയാളി സ്റ്റാര്‍ട്ട് കമ്പനിയാണ് വൈദ്യുതി എനര്‍ജി സര്‍വീസസ്. അഭിമാനകരമായ നേട്ടമാണെന്നും ശാസ്ത്ര സാങ്കേതിക മേഖലയിലെ സംരംഭങ്ങളില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തമുണ്ടാകാന്‍ ഇത്തരം നേട്ടങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും വാണി വിജയ് പറഞ്ഞു. പെപ്‌സികോ ഫോണ്ടേഷന്‍ അഞ്ച് ലക്ഷം യുഎസ് ഡോളര്‍ ഗ്രാന്റ് ലഭ്യമാക്കുന്ന എഴുമാസത്തെ പരിപാടിയില്‍ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പത് യുവ സംരംഭകരും നേതാക്കളുമാണ് പങ്കെടുക്കുന്നത്. വ്യാപാരം, ,സുസ്ഥിര വികസനം, ഭാവി നഗരങ്ങളുടെ കെട്ടിപ്പടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയ ചര്‍ച്ചകളും ആശയങ്ങളും പരിപാടിയുടെ ഭാഗമാവും.

ഐക്യരാഷ്ട്ര സഭയുടെ വനിത ശാക്തീകരണ തത്വങ്ങളില്‍ ഒപ്പുവച്ച കേരളത്തിലെ ആദ്യ സംരംഭം എന്ന ബഹുമതി നേടിയ സ്ഥാപനമാണ് വൈദ്യുതി എനര്‍ജി സര്‍വീസസ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം സ്ത്രീകള്‍ തന്നെ. സുസ്ഥിര പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് ഒരു കേരള മോഡല്‍ സൃഷ്ടിക്കാനും സ്ത്രീകളുടെ നേതൃ മികവിനെ പരിപോഷിക്കുകയെന്ന ലക്ഷ്യവുമായി കഴിഞ്ഞ വര്‍ഷമാണ് വിഇഎസ് കുതിച്ചു തുടങ്ങിയത്.

പതിമൂന്ന് വര്‍ഷത്തിലേറെ ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ സുസ്ഥിര ഊര്‍ജ്ജവുമായി ബന്ധപ്പെട്ട വന്‍കിട പദ്ധതികള്‍ കൈകാര്യം ചെയ്തുള്ള അനുഭവ സമ്പത്താണ് തിരുവനന്തപുരം സ്വദേശി അനൂപ് ബാബുവിന് സ്വന്തം നാട്ടില്‍ സംരഭം തുടങ്ങാന്‍ മുതല്‍ക്കൂട്ടായത്. മൂന്ന് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ പിറന്ന കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത് അമ്മ ഇന്ദിരാ ബാബുവാണ്. സ്ത്രീകളുടെ നേതൃപാടവവും സാങ്കേതികരംഗത്ത് അവരുടെ മികവിനുമുള്ള അംഗീകാരം കൂടിയാണ് എക്‌സ്‌പോയില്‍ യുഎസ് പവലിയനിലേക്കുള്ള ക്ഷണമെന്ന് കമ്പനിയുടെ സ്ഥാപകന്‍ അനൂപ് ബാബു പറഞ്ഞു. മാനേജ്‌മെന്റിലും ജീവനക്കാരിലും ഭൂരിഭാഗവും സ്ത്രീകളാണെന്നത് വൈദ്യുതി എനര്‍ജി സര്‍വീസിന്റെ സവിശേഷതയാണെന്നും അനൂപ് വ്യക്തമാക്കി.

ഊര്‍ജ്ജ കാര്യക്ഷമത, പുനരുപയോഗ ഊര്‍ജ്ജം, ഇ-മൊബിലിറ്റി, കാര്‍ബണ്‍ അക്കൗണ്ടിംഗ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലെ കണ്‍സള്‍ട്ടിംഗ്, പരിശീലനം, ഊര്‍ജ്ജ ഓഡിറ്റുകള്‍, പ്രോജക്ട് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള സേവനങ്ങളാണ് വിഇഎസ് ലഭ്യമാക്കുന്നത്. കെല്‍ട്രോണ്‍, കേരള പൊലീസ് ക്രൈം ബ്രാഞ്ച്, നഗരസഭകള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിംസ് മെഡിസിറ്റി, വിവിധ എഞ്ചിനീയറിംഗ്, ആര്‍ട്ട്‌സ് കോളേജുകളും കമ്പനിയുടെ ഉപഭോക്താക്കളാണ്.

TAGS: Vydyuthi |