ഇന്നൊവേഷന്‍ ചലഞ്ചിന്റെ നടത്തിപ്പില്‍ കെഎസ് യുഎം പങ്കാളിയാകും

Posted on: September 18, 2021

തിരുവനന്തപുരം : യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) ഇന്ത്യയുടെ യുവജന ഉച്ചകോടിയായ ‘യൂത്ത് കോ: ലാബ് ഇന്നൊവേഷന്‍ ചലഞ്ച് 2021’ ലേക്ക് അപേക്ഷിക്കാം. ഏഷ്യ-പെസഫിക് മേഖലയിലെ യുവജന സംരംഭകരുടെ ബൃഹദ് സമ്മേളനത്തിന്റെ നാലാം പതിപ്പിലേക്ക് 18 – 29 വരെ പ്രായപരിധിയിലുള്ള യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന ആദ്യഘട്ട സ്റ്റാര്‍ട്ടപ്പുകള്‍, സ്ഥാപനങ്ങള്‍, സംഘങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

‘കാലാവസ്ഥാ നടപടികളും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ വീണ്ടെടുക്കലും’ എന്നതാണ് നീതി ആയോഗ് ദൗത്യമായ അടല്‍ ഇന്നൊവേഷന്‍ മിഷന്റെ (എഐഎം) സഹകരണത്തോടെ നടത്തുന്ന യൂത്ത് കോ:ലാബ് 2021 ന്റെ പ്രമേയം. സുസ്ഥിര- ഗതാഗതം, വിനോദസഞ്ചാരം, കാര്‍ഷിക സാങ്കേതികവിദ്യ, ഭക്ഷ്യാധിഷ്ഠിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായും സാമ്പത്തികം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ് അപേക്ഷിക്കേണ്ടത്.

സംസ്ഥാനത്ത് സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം), സംരംഭകരെ ശാക്തീകരിക്കുന്നതിനും പ്രാദേശിക സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിനും ഊന്നല്‍ നല്‍കുന്ന ലാഭേതര സ്ഥാപനമായ ക്ലൈമറ്റ് കളക്ടീവ് ഫൗണ്ടേഷനും (സിസിഎഫ്) ഇന്നൊവേഷന്‍ ചലഞ്ചിന്റെ നടത്തിപ്പില്‍ പങ്കാളികളാണ്.

യുവ സംരംഭകരെ പരിപോഷിപ്പിച്ച് നൂതന കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരം കെഎസ് യുഎം സംസ്ഥാനത്ത് വികസിപ്പിച്ചിട്ടുണ്ടെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കാലാവസ്ഥാ നടപടികളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള യുവജനങ്ങളെ കണ്ടെത്തുന്ന ദൗത്യത്തില്‍ യുഎന്‍ഡിപിയുമായും എഐഎമ്മുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏഷ്യ-പെസഫിക് മേഖലയിലെ രാജ്യങ്ങളിലെ യുവജനങ്ങളെ ശാക്തീകരിക്കുകയും നിക്ഷേപം നടത്തുന്നതിന് പൊതുമാനദണ്ഡം നടപ്പിലാക്കുകയുമാണ് യുഎന്‍ഡിപിയും സിറ്റി ഫൗണ്ടേഷനും സഹസ്ഥാപകരായി 2017ല്‍ ആരംഭിച്ച യൂത്ത് കോ ലാബിന്റെ ലക്ഷ്യം. അടല്‍ ഇന്നൊവേഷന്‍ മിഷനുമായി ബന്ധപ്പെട്ടാണ് 2019ല്‍ യൂത്ത് കോ: ലാബ് ഇന്ത്യ ആരംഭിച്ചത്. യുവജനങ്ങളെ സാമൂഹ്യ പ്രസക്തിയുള്ള കണ്ടെത്തലിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുന്നതിനും നേതൃത്വം ഏറ്റെടുക്കുന്നതിന് സജ്ജരാക്കുന്നതിനും നൈപുണ്യം നല്‍കി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള വേദിയാണിത്. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി മൂന്ന് യൂത്ത് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ചുകള്‍ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും മറ്റു പാരിസ്ഥിതിക വെല്ലുവിളികളും പരിഹരിക്കുന്നതിന് ലോകം അംഗീകരിക്കുന്ന ബൃഹത്തായ പ്രതിവിധികള്‍ ആവശ്യമാണെന്ന് സിസിഎഫ് സ്ഥാപക പങ്കാളിയായ ശ്രീ പ്രതാപ് രാജു പറഞ്ഞു. വെല്ലുവിളികള്‍ പരിഹരിച്ച് സുസ്ഥിര ലോകത്തിലേക്ക് നയിക്കാന്‍ യുവ സംരംഭകര്‍ കണ്ടെത്തലുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോ: ലാബ് ഇന്നൊവേഷന്‍ ചലഞ്ചിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 22. രജിസ്റ്റര്‍ ചെയ്യുന്നതിന് https://aim.gov.in/youthcolab2021.php ലിങ്ക് സന്ദര്‍ശിക്കുക.

ഇന്നൊവേഷന്‍ ചലഞ്ചിലെ ജേതാക്കള്‍ക്ക് ഹ്രസ്വകാല ഇന്‍കുബേഷന്‍ പരിപാടിയായ ‘സ്പ്രിംഗ് ബോര്‍ഡ്’ പ്രോഗ്രാമില്‍ പങ്കെടുക്കാം. ഇന്‍കുബേഷന്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്ന മികച്ച രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂത്ത് കോ: ലാബിന്റെ റീജിയണല്‍ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനാകും.

ഏഷ്യ-പെസഫിക് മേഖലയിലെ 25 രാജ്യങ്ങളിലായി നിലവില്‍ യൂത്ത് കോ: ലാബ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞവര്‍ഷത്തെ യുവജന ഉച്ചകോടി ഓണ്‍ലൈനായാണ് നടന്നത്.

വിശദവിവരങ്ങള്‍ക്ക് https://aim.gov.in/youthcolab2021.php സന്ദര്‍ശിക്കുക. ഇമെയില്‍: [email protected].

TAGS: E- LOBBY |