അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ സ്റ്റാര്‍ട്ടപ്പ് മഹോത്സവ്

Posted on: June 29, 2021

കാഞ്ഞിരപ്പള്ളി : അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ‘സ്റ്റാര്‍ട്ടപ്പ് മഹോത്സവി’-ന് ഇന്ന് തുടക്കമാകും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് കോളജില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ബൈരാക് ബയോനെസ്റ്റിന്റെ നേതൃത്വത്തില്‍ രണ്ടുമാസത്തോളം നീണ്ടു നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹോത്സവ് സംഘടിപ്പിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രഫ. കെ.പി. സുധീര്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നിര്‍വഹിക്കും.

പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്നഗ്രാമീണ മേഖലയിലുള്ള വിവിധ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി റിം 2021, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കായി റുറല്‍ ഇന്നോവേറ്റേഴ്‌സീറ്റ് എന്നിവ ജൂലൈയില്‍ അമല്‍ജ്യോതിയില്‍ സംഘടിപ്പിക്കും.

ജര്‍മനിയിലെ എആര്‍എച്ച് യൂണിവേഴ്‌സിറ്റി ഫോര്‍ അച്ഛഡ് സയന്‍സസുമായി ചേര്‍ന്ന് അമല്‍ജ്യോതി സ്റ്റാര്‍ട്ടപ്പ്‌സ് വാലി ബിസിനസ് ഇന്‍കുബേറ്റര്‍ കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി അന്താരാഷ്ട ഹാക്കത്തോണും ഒരുക്കിയിട്ടുണ്ട്.

എസ്തര്‍എച്ച് യൂണിവേഴ്‌സിറ്റിയടെ അക്കാദമിക്ക് ഡയറക്ടറായ പ്രഫ. മൈക്കിള്‍ ഹാര്‍ട്ട്മാന്റെ നേതൃത്വത്തില്‍ ആഫ്രിക്കയില്‍ നടപ്പിലാക്കുന്ന കൊക്കോയില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ അവതരണം ‘ഇഗ്‌നീറ്റര്‍’, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും സാങ്കേതിക വ്യവസായ രംഗത്തുള്ള പ്രമുഖരുമായി സംവദിക്കുവാനായി ‘ടെക്പീണിയര്‍’ എന്ന ഓണ്‍ലൈന്‍ സംവാദം എന്നിവയും സംഘടിപ്പിക്കും.