വൂള്‍ഫ് എയര്‍ മാസ്‌ക്കിന് 20,000 ലധികം ഓര്‍ഡറുകള്‍

Posted on: May 24, 2021

കൊച്ചി : മുറിക്കുള്ളിലെ കൊവിഡ് വൈറസുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന വൂള്‍ഫ് എയര്‍ മാസ്‌ക്കിന് 30 ല്‍പരം രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍എബൗട്ട് ഇനോവേഷസ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. അന്തരീക്ഷത്തിലെ വായുവിലെ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന ഉപകരണമാണ് വൂള്‍ഫ് എയര്‍മാസ്‌ക്.

പ്രവര്‍ത്തിപ്പിച്ച് നിമിഷങ്ങള്‍ക്കകം 99.9 ശതമാനം കൊവിഡ് വൈറസുകളെയടക്കം ഇത് നശിപ്പിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഐസിഎംആര്‍ അംഗീകൃത ലാബില്‍ നടത്തിയ പരിശോധനയില്‍ വെളിവായിരുന്നു. വിദേശത്ത് ഇത്തരം ഉപകരണങ്ങള്‍ ഏറെയുണ്ടെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വായു ശുചീകരണ ഉപകരണമാണ് വൂള്‍ഫ് എയര്‍മാസ്‌ക്.

500, 1000 ചതുരശ്ര അടിയിലെ വായു ശുചീകരിക്കുന്ന ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഡീലര്‍മാര്‍ വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും വൂള്‍ഫ് എയര്‍മാസ്‌ക് വാങ്ങാന്‍ സാധിക്കും.

യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ന്യൂസീലാന്റ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്റ്‌സ് യുഎഇ, ഖത്തര്‍, സൗദി അറേബ്യ, മലേഷ്യ, തായ്‌ലാന്റ് സിംഗപ്പൂര്‍, ഇന്തോനേഷ്യ, ആഫ്രിക്ക, ബ്രസീല്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വൂള്‍ഫ് എയര്‍മാസ്‌കിന് നിലവില്‍ ഓര്‍ഡറുകള്‍ എത്തിയിട്ടുള്ളതെന്ന് കമ്പനി ഡയറക്ടര്‍ സുജേഷ് സുഗുണന്‍ പറഞ്ഞു. ഇതു കൂടാതെ തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം, ഡല്‍ഹി, മുംബൈ, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഓര്‍ഡറുകള്‍ ആയിക്കഴിഞ്ഞു. ഓണ്‍ലൈനായി വില്‍പന നടത്തിയത് കൂടാതെയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ദുബായ് പോര്‍ട്ട് വേള്‍ഡ്, ഡിസ്‌നി ഏഷ്യാനെറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, എന്നീ ദേശീയ ഉപഭോക്താക്കളെ കൂടാതെ, ലൂര്‍ദ് ആശുപത്രി, രാജഗിരി കോളേജ്, കാസിനോ ഹോട്ടര്‍ ഗ്രൂപ്പ്, റമദ ഹോട്ടര്‍ ഗ്രൂപ്പ്, ഏരീസ് പ്ലക്‌സ് ഉള്‍പ്പെടെയുള്ള വിവിധ തിയേറ്റര്‍ സമുച്ചയങ്ങള്‍ മുതലായ സംസ്ഥാനത്തിനകത്തുള്ള ഉപഭോക്താക്കളും വുള്‍ഫ് എയര്‍മാസ്‌കിനുണ്ട്.

മുറിയില്‍ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്റ്റാറ്റിക് ഊര്‍ജ്ജം പ്രസരിപ്പിച്ച് ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന സാങ്കേതികവിദ്യയെ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് ഉപയുക്തമാക്കുകയാണ് ആള്‍എബൗട്ട് ഇനോവേഷന്‍സ് ചെയ്തത്. എന്നാല്‍ ആരോഗ്യത്തിന് ആവശ്യമായ ലഘുഘടങ്ങളെ നിലനിറുത്തുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഡെന്‍മാര്‍ക്കില്‍ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെയാണ് വുള്‍ഫ് എയര്‍മാസ്‌ക് നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പത് വര്‍ഷം വരെ ഈ ഉപകരണം ഉപയോഗിക്കാം. സര്‍വീസോ മറ്റ് മാറ്റിവയ്ക്കലുകളോ ആവശ്യമില്ലാത്തതാണിത്. 60,000 മണിക്കൂറാണ് ഇതിന്റെ ഉപയോഗശേഷി. വിദേശങ്ങളില്‍ സമാന ഉപകരണങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ വിലയുള്ളപ്പോള്‍ ഇവിടെ പരമാവധി 29,500 രൂപ വരെയെ ഈ ഉപകരണത്തിന് വില വരുന്നുള്ളൂ.

ചെറുകിട-മധ്യവര്‍ഗ വ്യവസായങ്ങള്‍ക്കുള്ള മികച്ച കൊവിഡ് സൊല്യൂഷന്‍ പുരസ്‌ക്കാരം, സോഷ്യല്‍ ഇനോവേഷന്‍ ഓഫ് ദി ഇയര്‍-2020 പുരസ്‌ക്കാരം എന്നിവയും ആള്‍ എബൗട്ട് ഇനോവേഷന്‍സിന് ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പാണ് കമ്പനിയുടെ പാര്‍ട്ണര്‍.

 

TAGS: Wolf Air Mask |