സെറ ബയോടെക്കിന് 72.5 കോടിയുടെ നിക്ഷേപം

Posted on: March 23, 2021

കൊടകര : സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സെറ ബയോടെക്കിനു 10 ദശലക്ഷം യുഎസ് ഡോളര്‍ (12.5 കോടിയോളം രൂപ) നിക്ഷേപം ലഭിച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള ടി സിഎന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് എല്‍എല്‍സി എന്ന കമ്പനിയില്‍നിന്നാണ് സെറയുടെ ബി ലൈറ്റ് കുക്കീസ് ബ്രാന്‍ഡിന് ആല്‍ഗ-സീവീഡ് ടെക്‌നോളജി എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് നിക്ഷേപം ലഭിച്ചത്.

സെറ ബയോടെക് സ്ഥാപകനും സിഇഒയു മായ നജീബ് ബിന്‍ ഹനീഫ്, ടിസിഎന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് എല്‍എല്‍സി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഷാഫി അബ്ദുള്ള എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടു. കടലിലെ മകോ ആല്‍ഗകള്‍ ഉപയോഗിച്ച് ഊര്‍ജ, ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനു ഗവേഷണം നടത്തുന്നതിനും ഉത്പാദനം, വിതരണം, വിപണനം എന്നിവയ്ക്കുമാണ് തുക വിനിയോഗിക്കുക.

2016 ല്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് നജീബ് സെറ ബയോടെക് സ്ഥാപിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹൃദയ ഐഇ ഡിസിയിലൂടെയാണ് കമ്പനിവളര്‍ന്നത്. ഐസര്‍ സ്വിഫ്റ്റിന്റെ സാങ്കേതിക സഹായവും ഈ കമ്പനിക്കുണ്ടായിരുന്നു.

സഹൃദയ ടിബിഐയിലെ ബയോടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സെറ ബയോടെക്കില്‍ ടിസിഎന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആല്‍ഗ കടല്‍പായല്‍ ഭക്ഷ്യ ഉത്പാദകരില്‍ ഒന്നാണ് ഈ കമ്പനി.

ടിസിഎന്‍ പ്രതിനിധികളായ സലിം, മുഹമ്മദ് ഹസന്‍സിയാലി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോര്‍ജ് നൈനാന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ തപന്‍ റായ്ഗുരു, സഹൃദയ എന്‍ജിനീയറിംഗ് കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, സഹൃദയ ടിബിഐ കോഓര്‍ഡിനേറ്റര്‍ പ്രഫ. ജിബിന്‍ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.