അവകാശപ്പെട്ടത് ആവശ്യപ്പെടണം; കെഎസ്യുഎം സിഇഒ തപന്‍ റായഗുരു

Posted on: March 11, 2021

കൊച്ചി: അവകാശപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നതിനു പകരം ആവശ്യപ്പെടുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ തപന്‍ റായഗുരു പറഞ്ഞു. സംരംഭകത്വത്തിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പരിഗണന കിട്ടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചൂസ് ടു ചലഞ്ച്’ എന്നതാണ് ഇക്കുറി സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടു വച്ച പ്രമേയം.

ആദ്യ അവസരത്തില്‍ തന്നെ വിജയിച്ച ആശയങ്ങള്‍ വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്‌ധോപദേശം, അനുഭവ പാഠങ്ങള്‍ എന്നിവയെല്ലാം തന്നെ വിജയകരമായ സംരംഭകത്വത്തിന്റെ ഘടകങ്ങളാണ്. സംരംഭകത്വത്തിന് ആവശ്യമായതെല്ലാം കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലുണ്ട്. വനിതാ സംരംഭകര്‍ ആകെ ചെയ്യേണ്ടത് ആവശ്യപ്പെടുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നവ സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളും ധനസഹായ പരിപാടികളും ടെക്‌നിക്കല്‍ ഓഫീസര്‍ വരുണ്‍ ജി വിവരിച്ചു. നൂതനാശയങ്ങള്‍ കൈമുതലായുള്ളവര്‍ക്ക് അവ ഉത്പന്നമായി വികസിപ്പിക്കുന്നതിനുള്ള 12 ലക്ഷം രൂപയുടെ ഇനോവേഷന്‍ ധനസഹായം, കുറഞ്ഞ പലിശയിലുള്ള 20 ലക്ഷം രൂപവരെയുള്ള സീഡ് ഫണ്ട് വായ്പകള്‍, എയ്ഞജല്‍ നിക്ഷേപം, വെഞ്ച്വര്‍ മൂലധന നിക്ഷേപം തുടങ്ങിയവ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ ലഭിക്കും.

ചലച്ചിത്രനടി കുക്കു പരമേശ്വരന്‍, ചെയര്‍ എഡബ്ല്യുഇ ഫണ്ട്‌സിന്റെ സ്ഥാപക സീമ ചതുര്‍വേദി, വീവേഴ്‌സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥ്, മി മെറ്റ് മി വെല്‍നെസിന്റെ സിഇഒയും സ്ഥാപകയുമായ നൂതന്‍ മനോഹര്‍, താത്ര ഇനോവേഷന്‍സിന്റെ സഹസ്ഥാപക ഡോ. അഞ്ജന രാംകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഹൈക്കോടതി അഭിഭാഷക ശാന്തിപ്രിയ, ചാനല്‍ അയാം സ്ഥാപക നിഷ കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരായ നിഷ പുരുഷോത്തമന്‍, ഗീത ജയരാമന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ഐഇഇഇ കമ്പ്യൂട്ടര്‍ സൊസൈറ്റിയുടെ ഡോ. രാമലത മാരിമുത്തു, ലിയോപാര്‍ഡ് ടെക് ലാബ്‌സിന്റെ ഡയറക്ടര്‍ പ്രൊഫ. റിനോ ലാലി ജോസ്, സെ. തെരേസാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിര്‍മ്മല പദ്മനാഭന്‍ എന്നിവര്‍ പരിപാടിയെ അഭിസംബോധന ചെയ്തു.