കേക്ക് ഒ കേക്ക് ഡെലിവറി ആപ്പുമായി എല്‍ സക്വയര്‍

Posted on: March 5, 2021

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പരിപാടിയില്‍ അംഗമായ എല്‍ സ്‌ക്വയര്‍ സ്റ്റാര്‍ട്ടപ്പ് ബേക്കറികള്‍ക്കും മധുരപദാര്‍ത്ഥ നിര്‍മ്മാതാക്കള്‍ക്കുമായി ഡെലിവറി ആപ്പ് പുറത്തിറക്കി. ‘കേക്ക് ഒ കേക്ക്’ എന്ന ഈ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി സേവനങ്ങള്‍ നല്‍കാന്‍ ബേക്കറി സംരംഭകര്‍ക്ക് കഴിയും.

കെഎസ്യുഎം സിഇഒ ശ്രീ തപന്‍ റായഗുരു ‘കേക്ക് ഒ കേക്കി’ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് മാസം മുമ്പ് ആരംഭിച്ച എല്‍ സ്‌ക്വയര്‍ ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ഉത്പന്നമാണ് ‘കേക്ക് ഒ കേക്ക്’.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫെയില്‍ ഫാസ്റ്റ് ടു സക്‌സീഡ് എന്ന എഫ്എഫ്എസ്പദ്ധതിയിലൂടെയാണ് എല്‍ സ്‌ക്വയര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ശൈശവ ദശയിലുള്ള സംരംഭകര്‍ക്ക് മികച്ച വാണിജ്യ പ്രോത്സാഹനവും നിക്ഷേപവും നേടിക്കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

ബേക്കറികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കാര്യക്ഷമമായി വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവസരമാണ് ‘കേക്ക് ഒ കേക്ക്’ ഒരുക്കുന്നത്. ഇതോടൊപ്പം സുരക്ഷിതമായ ഇ പേയ്മന്റ് സംവിധാനവും, രാജ്യത്തിനകത്തും പുറത്തുമുള്ള ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കസ്റ്റമര്‍ സേവനങ്ങള്‍ നല്‍കുന്ന ഇ കൊമേഴ്‌സ് സംവിധാനം തുടങ്ങിയവ ഇതിലുണ്ടെന്ന് എല്‍ സ്‌ക്വയറിന്റെ സിഇഒ ക്ലിന്റന്‍ വി പുളിക്കല്‍ പറഞ്ഞു.

ബേക്കറികള്‍, മറ്റ് മധുരപലഹാര നിര്‍മ്മാതാക്കള്‍ എന്നിവരെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.വര്‍ത്തമാനകാലത്തിന് അനിവാര്യമായ ഡിജിറ്റല്‍ സാന്നിദ്ധ്യം ഈ മേഖലയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 67 ബേക്കറികളും 24 ബ്രാന്‍ഡുകളും ഈ ശൃംഖലയിലുണ്ട്. ഇതില്‍ 48 ബേക്കറികളും 16 ബ്രാന്‍ഡുകള്‍ക്കും ഹോം ഡെലിവറി സംവിധാനമുണ്ടെന്നും ക്ലിന്റന്‍ പറഞ്ഞു.

‘കേക്ക് ഒ കേക്കി’ന്റെ പ്രചാരണത്തിനായി ആനകോണ്‍ എന്ന ഭാഗ്യചിഹ്നവുമുണ്ട്. http://cakeocake.com/ എന്ന വെബ്‌സൈറ്റിലൂടെ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകും.