മൈക്രോസോഫ്റ്റിന്റെ എം12 നിക്ഷേപം ഇന്ത്യയിലേക്കും

Posted on: February 7, 2019

കൊച്ചി : മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് വെഞ്ച്വര്‍ ആയ എം12 തങ്ങളുടെ നിക്ഷേപം ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. സംരംഭകര്‍ക്ക് നൂതനാശയങ്ങള്‍ നടപ്പാക്കുന്നതിന് സഹായിക്കുകയും അവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ പ്രചാരത്തിനും വൈദഗ്ധ്യത്തിനും സാങ്കേതികവിദ്യയ്ക്കുമൊപ്പം വളരുന്നതിനുമായാണ് നിക്ഷേപം.

എം12 പാര്‍ട്ട്ണറായ രശ്മി ഗോപിനാഥാണ് ഇന്ത്യയിലെ എം12 നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ആരോഗ്യ സംവിധാനങ്ങളുടെ ക്ലിനിക്കല്‍, ഫിനാന്‍ഷ്യല്‍ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇന്നൊവേക്കറിലാണ് ഇന്ത്യയില്‍ ആദ്യമായി എം12 നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ടെക് ബിസിനസ്-ടു-ബിസിനസ് (ബി2ബി) സ്റ്റാര്‍ട്ട്അപ്പുകളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. 415 ഇടപാടുകളിലായി 3.09 ബില്ല്യണ്‍ യുഎസ് ഡോളറിലധികമാണ് ഇക്വിറ്റി ഫണ്ടിങ്ങില്‍ 2018-ല്‍ ഉണ്ടായത്. 2017ലെ 2.41 ബില്ല്യണ്‍ ഡോളറിനേക്കാള്‍ 28 ശതമാനമാണ് വര്‍ധന. മൈക്രോസോഫ്റ്റും എം12-ഉം ഈ മേഖലകള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതും.

ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കുന്ന സംരഭകരാല്‍ സമ്പന്നമാണ് ഇന്ത്യന്‍ വിപണിയെന്ന് എം12 ഗ്ലോബല്‍ ഹെഡും കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റുമായ നാഗ്‌രാജ് കശ്യപ് പറഞ്ഞു. നൂതനാശയങ്ങളുള്ള ഈ സ്റ്റാര്‍ട്ട്അപ്പുകളുമായി സഹകരിക്കുക വഴി സംരംഭകരെ സഹായിക്കാനും വ്യവസായങ്ങള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.