മനസറിയും ഇയർഫോൺ : നിതിൻ വസന്തിന്റെ കണ്ടുപിടിത്തം വിപണിയിലേക്ക്

Posted on: June 8, 2017

കൊച്ചി : മനുഷ്യന്റെ തലച്ചോറിലെ തരംഗങ്ങൾ രേഖപ്പെടുത്തി മാനസികാവസ്ഥ തിരിച്ചറിയാനാവുന്ന തരത്തിൽ മലയാളി വിദ്യാർഥി നിതിൻ വസന്ത് വികസിപ്പിച്ചെടുത്ത ഇയർഫോൺ ലോകശ്രദ്ധയാകർഷിക്കുന്നു. അമേരിക്കയിലെ സിലിക്കൺ വാലിയിൽ അവതരിപ്പിക്കപ്പെട്ട, ന്യൂറോ ബഡ്‌സ് എന്ന് പേരിട്ടിട്ടുള്ള മനസ് വായിക്കുന്ന ഈ സ്മാർട്ട് ഈയർ ഫോണുകൾ ഇന്റൽ, ബോഷ് എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെയാണ് വികസിപ്പിക്കുന്നത്. താമസിയാതെ ഉത്പന്നമായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ വിദ്യാർഥിയായ നിതിൻ വസന്തിന് പ്രശസ്തമായ രാജീവ് സർക്കിൾ ഫെലോഷിപ്പ് നേടിക്കൊടുത്ത കണ്ടുപിടിത്തമാണിത്. ഈ ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് നിതിൻ സിലിക്കൺ വാലിയിലെത്തിയത്.

തലച്ചോറിന്റെ പ്രവർത്തനവും ഹൃദയമിടിപ്പിന്റെ നിരക്കുമെല്ലാം വ്യക്തമായി അറിയാൻ ന്യൂറോ ബഡ്‌സിന് കഴിയുമെന്ന് നിതിൻ പറഞ്ഞു. ന്യൂറോ ബഡ്‌സ് തരുന്ന വിവരങ്ങളിൽനിന്ന് ഒരാളിന്റെ മാനസിക സമ്മർദത്തിന്റെ തോത് അറിയാനാകും. അതിനനുസരിച്ച് ആവശ്യമായ വിശ്രമം ക്രമീകരിക്കാം. പല തൊഴിൽ മേഖലകളിലും ജീവനക്കാർ സമ്മർദങ്ങളെ അതിജീവിക്കാൻ പ്രയാസപ്പെടുന്ന ഇക്കാലത്ത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഉപകരണമായി ന്യൂറോ ബഡ്‌സ് പ്രയോജനപ്പെടുത്താനാവുമെന്നും നിതിൻ വ്യക്തമാക്കുന്നു.

അഹമ്മദാബാദിൽ ഈയിടെ നടന്ന മേക്കർ ഫെസ്റ്റിൽ അവതരിപ്പിച്ചപ്പോഴാണ് ഈ ഉത്പന്നം നിതിന് രാജീവ് സർക്കിൾ ഫെലോഷിപ്പ് നേടികൊടുത്തത്. ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പത്തു വിദ്യാർഥികളിൽ ഒരാളായിരുന്നു നിതിൻ. ഇപ്പോൾ വിപണിയിൽ കിട്ടുന്ന സ്മാർട്ട് വാച്ചുകളുടെ വിലയ്ക്ക് സമീപഭാവിയിൽ ന്യൂറോ ബഡ്‌സ് ലഭിക്കും. ഉപകരണത്തിന് കൂടുതൽ സൂക്ഷ്മതയും കൃത്യതയും നൽകാനുള്ള ശ്രമങ്ങൾ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന നിതിന്റെ ന്യൂറോ ടെക് ലാസ് എന്ന സ്റ്റാർട്ടപ്പിൽ പുരോഗമിക്കുകയാണ്.

ഹൈദരാബാദിൽ നടന്ന ഇന്റൽ ആക്‌സിലറേറ്റർ പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ എൻജിനീയറിംഗ് വിദഗ്ധരുമായുണ്ടായ ആശയവിനിമയങ്ങൾ ന്യൂറോ ബഡ് സിലെ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യാൻ സഹായിച്ചു. ബംഗലുരുവിൽ നടക്കുന്ന ബോഷ് ആക്‌സിലററേറ്ററിൽ ബോഷുമായി പാർട്ണർഷിപ്പിൽ ഏർപ്പെടാൻ കഴിഞ്ഞതിലൂടെ ഉത്പന്നം വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു വേഗം പകരാനായി.

സ്വന്തം മാനസികനിലയും സമ്മർദവുമെല്ലാം ഉപഭോക്താക്കൾക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന രീതിയിലാണ് ന്യൂറോ ബഡ്‌സിന്റെ പ്രവർത്തനമെന്ന് നിതിൻ ചൂണ്ടിക്കാട്ടി. അപസ്മാരം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിനും ന്യൂറോ ബഡ്‌സ് ഉപകാരപ്പെടുമെന്ന് നിതിൻ പറയുന്നു.

സിലിക്കൺ വാലിയിൽ പ്രവർത്തിക്കുന്ന വെഞ്ചർ കാപ്പിറ്റലിസ്റ്റും സീരിയൽ എയ്ഞ്ചൽ ഇൻവെസ്റ്ററുമായ ആഷ ജഡേജ മോട്‌വാനി തന്റെ ഭർത്താവ്, സ്റ്റാൻഫഡ് സർവകലാശാലയിലെ കംപ്യൂട്ടർ പ്രഫസറും ഗൂഗിൾ ഉൾപ്പെടെ സിലിക്കൺ വാലിയിലെ നൂറിലേറെ സ്റ്റാർട്ടപ്പുകളുടെ ഗവേഷണ പങ്കാളിയുമായിരുന്ന അന്തരിച്ച രാജീവ് മോട്‌വാനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് ആർസി ഫെലോഷിപ്പ്. ലോകപ്രശസ്തമായ കാലിഫോർണിയ മേക്കർ ഫെയറിന്റെ മാതൃകയിൽ ഇന്ത്യയിലും മേക്കർ ഫെയറുകൾക്ക് തുടക്കം കുറിച്ച ആഷ മോട്‌വാനിയുടെ ലക്ഷ്യം രാജ്യത്തെ പ്രതിഭാസമ്പന്നരായ യുവ സംരംഭകർക്ക് പ്രോത്സാഹനമേകുക എന്നതായിരുന്നു.

സിലിക്കൺ വാലിയിലെ ലോകോത്തര സ്റ്റാർട്ടപ്പുകളും ഗവേഷണ ലബോറട്ടറികളുമായി നല്ല ബന്ധമുണ്ടാക്കാൻ കഴിഞ്ഞുവെന്നതാണ് ഫെലോഷിപ്പ് വഴിയുണ്ടായ നേട്ടമെന്ന് നിതിൻ പറയുന്നു. സ്റ്റാർട്ടപ്പുകളിൽ ദീർഘകാല അനുഭവസമ്പത്തുള്ള വ്യക്തികളെ അടുത്തറിയാൻ കഴിഞ്ഞു. വാലിയിലെ തൊഴിൽ സംസ്‌കാരം മനസിലാക്കാനും നിക്ഷേപകരുടെ ശൃംഖലയുമായി ബന്ധമുണ്ടാക്കാനും കഴിഞ്ഞു. പരസ്പരം സഹായിക്കുക എന്ന സിലിക്കൺ വാലിയുടെ മഹിമയും തിരിച്ചറിയാനായെന്ന് നിതിൻ ചൂണ്ടിക്കാട്ടി.

ഫെലോഷിപ്പിന്റെ ഭാഗമായി ഈ സംരംഭകൻ ലോകത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈ (ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ഇൻ എഡ്യുക്കേഷൻ) കോൺഫറൻസിൽ പങ്കെടുക്കുകയും ചെയ്തു. അവരുടെ കണ്ടുപിടിത്തങ്ങൾ ലോകത്തെ ഏറ്റവും വലിയ ഉത്പാദക മേളയായ മേക്കർ ഫെയർ 2017 ലും അവതരിപ്പിക്കപ്പെട്ടിരുന്നു.