വീട്ടുപകരണങ്ങൾ കൈകാര്യം ചെയ്യാൻ റോബോടോൺ

Posted on: May 15, 2015

Peter-K-Joseph-Robotone-Big

വിദേശത്തോ വിദൂരത്തോ ഇരുന്ന് വീട്ടിലെ ഉപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു ഉപകരണം – അതാണ് റോബോടോൺ. എറണാകുളം ജില്ലയിലെ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ടിസ്റ്റ്) എംടെക് ഒന്നാം വർഷ വിദ്യാർത്ഥിയായ പീറ്റർ കെ. ജോസഫ് ആണ് ഈ നൂതന കണ്ടുപിടുത്തത്തിനു പിന്നിൽ.

വിദേശ രാജ്യങ്ങളിൽ ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ടിടിസി ലോജിക് ടെക്‌നോളജിയുടെ ലളിതമായ പതിപ്പ് ഉപയോഗിച്ചാണ് റോബോടോൺ രൂപപ്പെടുത്തിയിട്ടുള്ളത്. വിപണിയിൽ ലഭിക്കുന്ന മൊബൈൽ കീ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന റോബോട്ടുകളേക്കാൾ ഈ സാങ്കേതികവിദ്യയാണ് റോബോടോണിനെ വ്യത്യസ്തമാക്കുന്നത്.

കൃഷിയിടത്തിലെ ജലസേചന സംവിധാനം ദൂരെയുള്ള വീട്ടിലിരുന്ന് കർഷകർക്ക് റോബോടോണിലൂടെ നിയന്ത്രിക്കാമെന്ന് പവർ ഇലക്‌ട്രോണിക്‌സ് വിദ്യാർത്ഥിയായ പീറ്റർ പറഞ്ഞു. ലോകത്തെ ഏതുഭാഷയും മനസിലാക്കി ഉപയോക്താവിനോട് സംവദിക്കുന്നതിനുതകുന്ന വോയിസ് പ്ലേ ബാക്ക് സിസ്റ്റത്തോടെയുള്ള റോബോടോൺ വിപണിയിലെത്തിക്കാൻ തയാറാണ്. റോബോടോണിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഉടനെ പുറത്തിറക്കുമെന്നും എറണാകുളം സ്വദേശിയായ പീറ്റർ പറഞ്ഞു.

ഇലക്ട്രോണിക്, കാർഷിക മേഖലകളിൽ വിപ്ലവകരമായ ചലനം സൃഷ്ടിക്കാൻ റോബോടോണിന് കഴിയും. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും റോബോടോൺ ഉതകുമെന്ന് ടിസ്റ്റ് അധികൃതർ പറഞ്ഞു. പീറ്ററിന്റെ ബിരുദതലത്തിലെ പ്രോജക്ടിന് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഇക്ട്രിക് എൻജിനീയറിംഗ് ഏജൻസി ഇന്ത്യക്കാരന്റെ ഈ വർഷത്തെ മികച്ച പദ്ധതിയായി റോബോടോണിനെ തെരഞ്ഞെടുത്തിരുന്നു. യുവ ശാസ്ത്രജ്ഞൻമാരെ പ്രോത്സാഹിപ്പിക്കുന്ന ആലപ്പുഴ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ടെക്‌നോളജിക്കൽ ഇന്നൊവേഷൻസും മികച്ച പദ്ധതിയായി റോബോടോണിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

പീറ്ററിന്റെ സഹപാഠികളായ വരുൺ കൃഷ്ണൻ, വിശാഖ് വി, മേരി ജാക്വിലിൻ ജോസഫ്, മെറിൻ ജേക്കബ്, കീർത്തി സുരേഷ് എന്നിവരും പ്രോജക്ടിനെ സഹായിച്ചിട്ടുണ്ട്. ടിസ്റ്റ് ഇലക്ട്രോണിക്‌സ് വകുപ്പ് മേധാവി പ്രീത തെക്കത്, പവർ ഇലക്ട്രോണിക്‌സ് കോ ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ. മംഗളാദേവി, പ്രിൻസിപ്പൽ ഡോ. ഡി വിൽസൺ എച്ച് വിൻസന്റ് എന്നിവരുടെ മേൽനോട്ടത്തിലാണ് റോബോടോൺ പൂർത്തിയാക്കിയത്.