കുറഞ്ഞചെലവിൽ വെന്റിലേറ്ററുമായി സിനു സിദ്ധാർത്ഥ്

Posted on: April 28, 2020

കോവിഡ്19 വ്യാപനത്തിനിടെ വെന്റിലേറ്ററുകൾ ഇല്ലാതെ ലോകം സ്തംഭിച്ച് നിൽക്കുകയാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രികളിൽ കൃത്രിമ ശ്വസനസഹായികൾ ഇല്ല. സ്വന്തം നാടും ലോകവും നേരിടുന്ന ഈ വെല്ലുവിളി തിരിച്ചറിഞ്ഞ സിനിമ ഛായഗ്രാഹകനും പ്രൊഡ്യൂസറുമായ സിനു സിദ്ധാർത്ഥ് കുറഞ്ഞചെലവിൽ കൃത്രിമ ശ്വസനസഹായി (വെന്റിലേറ്റർ) വികസിപ്പിച്ചു.

കൊവിഡ് ബാധിതയായ സമയത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഒരിറ്റ് ശ്വസത്തിനാണെന്നുള്ള ഇറ്റലിയിലെ ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് സിനുവിനെ നയിച്ചത്. അഞ്ച് ദിവസം കൊണ്ടാണ് സിനു വെന്റിലേറ്റർ പൂർത്തിയാക്കിയത്. പ്രാദേശികമായി ലഭ്യമാകുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് വെന്റിലേറ്റർ നിർമ്മിച്ചിട്ടുള്ളത്.

സാമൂഹിക വ്യാപനം ഉണ്ടായാൽ ആവശ്യത്തിന് വെന്റിലേറ്റർ നമ്മുടെ ആശുപത്രികളിലില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് ഇലക്ട്രോണിക് വസ്തുക്കളും പൈപ്പും ഉപയോഗിച്ച് വെറും 3500 രൂപമുതൽ മുടക്കിൽ സിനു കൃത്രിമശ്വസന ഉപകരണം നിർമ്മിച്ചത്.

ആദ്യത്തെ രണ്ടു പരീക്ഷണങ്ങൾ പാളിയെങ്കിലും മൂന്നാമത്തേത് വിജയിച്ചു. തിരുവനന്തപുരം മുരുക്കുംപുഴയിലെ വീട്ടിൽ സഹായികളായത് അച്ഛൻ സിദ്ധാർത്ഥും ഡ്രൈവർ ഷിബുവും. ആരോഗ്യവകുപ്പിനായി കൂടുതൽ ഉപകരണങ്ങൾ നിർമ്മിക്കാൻ തയ്യാറാണെന്ന് സിനു പറഞ്ഞു.

സിനുവിന്റെ 29 ാമത്തെ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് റിലീസിനൊരുങ്ങുമ്പോഴാണ് ലോക്ക് ഡൗണാകുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് സ്വന്തം ബോട്ടിൽ പോയി രക്ഷാപ്രവർത്തനം നടത്തി സിനു ഹീറോയായിരുന്നു. ഭാര്യ സുരഭിക്കും മക്കളായ സിദ്ധാർത്ഥ് രാജും അലീനക്കും അച്ഛന്റെ സാമൂഹ്യപ്രതിബദ്ധതയിൽ തികഞ്ഞ അഭിമാനമാണ്.

സിനുവിന്റെ വെന്റിലേറ്റർ വൈദ്യുതിയിലും ബാറ്ററിയിലും പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം. മിനിട്ടിൽ എത്രതവണ ശ്വസിക്കണമെന്നത് ക്രമീകരിക്കാം. റിമോട്ട് കൺട്രോളിലൂടെ ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരെ വിളിക്കാം. സിനുവിന്റെ പോർട്ടബിൾ വെന്റിലേറ്റർ രോഗികളെ വീടുകളിൽ നിന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോകുമ്പോഴും തിരിച്ച് വീടുകളിലേക്ക് കൊണ്ടുവരുമ്പോഴും ഉപയോഗിക്കാനും അനുയോജ്യമാണ്.

സിനുവിന്റെ കണ്ടുപിടുത്തങ്ങളിൽ നിരവധി

 

വെന്റിലേറ്റർ സിനുവിന്റെ ആദ്യ കണ്ടുപിടുത്തമൊന്നുമല്ല. ടാങ്കിൽ വെള്ളം നിറയുമ്പോൾ മോട്ടോർ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന ഉപകരണം പത്താം ക്ലാസിൽ പഠിക്കുമ്പോൾ നിർമ്മിച്ചു. ഇപ്പോഴും സിനുവിന്റെ വീട്ടിൽ ഈ ഉപകരണം പ്രവർത്തിക്കുന്നു. 2000 ൽ സ്‌റ്റെഡി ക്യാം നിർമ്മിച്ചു. 2008 ൽ 86 അടിയുള്ള ക്രെയിൻ ഉണ്ടാക്കി. അതുപയോഗിച്ച് ആറ്റുകാൽ പൊങ്കാല ഷൂട്ട് ചെയ്തു. പിന്നെ കേബിൾ ക്യാം, എച്ച് ഡി തീയേറ്റർ എന്നിവയും സിനു നിർമ്മിച്ചു.