പുഷ്പാലങ്കാരത്തിന്റെ നൈപുണ്യവുമായി ജിബിന്‍ വില്യംസ്

Posted on: December 28, 2019


പൂക്കളുടെ വഴിയെ നടന്ന് ലോകനിലവാരത്തിലെത്തി സാധ്യതകള്‍ തെളിയിച്ച് ആലപ്പുഴ കുത്തിയതോട് സ്വദേശി ജിബിന്‍ വില്യംസ്.

സംസ്ഥാന തൊഴില്‍ നൈപുണ്യ വികസന വകുപ്പിന്റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കെയ്‌സും സംഘടിപ്പിക്കുന്ന സ്‌കില്‍ കേരള മത്സരങ്ങളിലൂടെയാണ് കഴിഞ്ഞ വര്‍ഷം ജിബിന്‍ റഷ്യയില്‍ നടന്ന ലോക നൈപുണ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

തുറവൂര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡ് പഠിച്ച്, ഇപ്പോള്‍ എറണാകുളം നെട്ടൂരില്‍ സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയില്‍ ജോലിചെയ്യുന്ന ജിബിന്‍ വില്യംസ് യാദൃശ്ചികമായാണ് മല്‍സരത്തില്‍ പങ്കെടുത്തതും വിജയവഴിയിലെത്തിയതും. ഈ മേഖലയയിലേക്ക് എത്തിയത് അത്രയ്ക്കങ്ങ് യാദൃശ്ചികമായിരുന്നില്ലെന്നുമാത്രം. കുട്ടിക്കാലം മുതലുള്ള അഭിരുചി വികസിച്ച് ജീവിതം വഴിത്തിരിവിലെത്തുകയായിരുന്നു.

ജില്ല, മേഖല, സംസ്ഥാനതല വിജയങ്ങള്‍ക്കുശേഷം ബംഗളൂരുവിലെ ദക്ഷിണേന്ത്യാതല മല്‍സരത്തിലും വിജയിച്ചു. പിന്നെ ദേശീയതലത്തില്‍. അവിടെ നിന്നാണ് റഷ്യയിലെ കസാനില്‍ നടന്ന അന്തര്‍ദേശീയ മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019 ഓഗസ്റ്റില്‍ കസാനില്‍ നടന്ന മല്‍സരം വലിയൊരു അവസരവും അനുഭവവുമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 40 പേരില്‍ ഫ്‌ളോറിസ്ട്രി വിഭാഗത്തില്‍ ജിബിന്‍ മാത്രമാണുണ്ടായിരുന്നത്.

വിവാഹം കഴിഞ്ഞിറങ്ങുമ്പോള്‍ നവവധു കൈകളിലേന്തുന്ന അതിമനോഹരമായ ബ്രൈഡല്‍ ബൊക്കെയാണ് ജിബിന്റെ സ്‌പെഷ്യാലിറ്റി. അത് ഉള്‍പ്പെടെ പലതരം ബൊക്കെകള്‍ തികച്ചും പരിസ്ഥിതിസൗഹൃദമായി, പ്ലാസ്റ്റിക് തീരെ ഉപയോഗിക്കാതെ നിര്‍മിക്കും. കൂടാതെ വിവാഹവേദികള്‍ അലങ്കരിക്കുന്നതിലുമുണ്ട് പ്രത്യേക പ്രതിഭാ സ്പര്‍ശം. മല്‍സരങ്ങളിലെ ചോദ്യങ്ങളോട് പ്രതികരിച്ച് ഒറ്റയ്ക്ക് ഭംഗിയായി അത് നിര്‍വഹിച്ചാണ് ഉയരങ്ങളിലേക്ക് കയറിയത്.

അംഗീകാരവും ആദരവും വരുമാനവും ലഭിക്കുന്ന തൊഴില്‍ എന്ന നിലയില്‍ ഈ മേഖലയിലേയ്ക്ക് ഇനിയും ആളുകള്‍ കൂടുതലായി വരേണ്ടിയിരിക്കുന്നു എന്നാണ് ജിബിന്റെ അഭിപ്രായം; ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും സര്‍ക്കാര്‍തന്നെ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണം. ഫ്‌ളോറിസ്ട്രി എന്താണെന്ന് അധികമാളുകള്‍ക്ക് അറിയില്ല. നിലവില്‍ മുംബൈ ദാദറില്‍ മാത്രമാണ് നിലവാരമുള്ള, അംഗീകൃത പഠന പരിശീലന കേന്ദ്രമുള്ളത്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്‌ളോറസ്ട്രി. സംസ്ഥാനതലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ജിബിനെ സര്‍ക്കാര്‍ അവിടെ അയച്ച് കൂടുതല്‍ പരിശീലനം നല്‍കിയിരുന്നു. ദേശീയതല മല്‍സരത്തിലേക്കുള്ള പരിശീലനത്തിന് അവസരം ലഭിച്ചപ്പോള്‍ കേരളത്തില്‍ ഒന്നാം പ്രളയകാലമായിരുന്നു. യാത്ര നടന്നില്ല. പിന്നീട് കോഴിക്കോട് വച്ച് പരിശീലനം നല്‍കി.

ദേശീയതല മല്‍സരത്തില്‍ വെള്ളിമെഡലാണ് ലഭിച്ചത്. അവിടെ സ്വര്‍ണ മെഡല്‍ നേടിയ കുട്ടിയെയും ജിബിനെയും വീണ്ടും മത്സരിപ്പിച്ചു. അവിടെ തെരഞ്ഞെടുക്കപ്പെട്ടാണ് കസാനില്‍ പോയത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യയാത്രയുടെ സന്തോഷം. ഒരാഴ്ചയാണ് കസാനിലുണ്ടായിരുന്നത്.

കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും പള്ളികളില്‍ വ്യത്യസ്ത ചമയങ്ങള്‍ ചെയ്താണ് ഈ മേഖലയില്‍ താല്പര്യം പ്രകടിപ്പിച്ചത്. പിന്നെ ചെറിയ രീതിയില്‍ വിവാഹങ്ങളിലൊക്കെ ‘ഇടപെട്ടു’ തുടങ്ങി. അതിനിടയാണ് ഐടിഐയില്‍ ജില്ലാതല നൈപുണ്യ പരിശീലന മല്‍സരം ഉണ്ടെന്ന് അറിഞ്ഞത്. എന്താണു സംഗതിയെന്ന് തുടക്കത്തില്‍ അറിയില്ലായിരുന്നു. അവിടെ നിന്നു സോണല്‍ മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നെയൊരു കുതിപ്പായിരുന്നു. ഐടിഐ പഠനം അവസാനിപ്പിച്ച് കൊണ്ട് തൊഴിലിലേക്കു മാത്രമായി ചുരുങ്ങാനല്ല കൂടുതല്‍ പഠിക്കാനാണ് ജിബിന്റെ തീരുമാനം. പക്ഷേ, ഒപ്പം ജോലിയും തുടരും.

കല്‍പ്പണിക്കാരനായ വില്യംസിന്റെയും ജെസിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് ജിബിന്‍. ജിലുവിന്റെ അനിയന്‍. അഛനൊരു പിന്തുണയാവുക, കുടുംബത്തിനു താങ്ങാവുക, സ്‌നേഹസുഗന്ധം നിറഞ്ഞ ഒരുപാടൊരുപാട് ആഹ്ലാദകരമായ ജീവിത സന്ദര്‍ഭങ്ങളില്‍ തന്റെയും സാന്നിധ്യമുണ്ടാവുക തുടങ്ങിയതൊക്കെയാണ് സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഈ ഇരുപത്തിരണ്ടുകാരന്റെ മോഹങ്ങള്‍. സ്വന്തമായി ഒരു ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തുടങ്ങണം എന്ന് ആഗ്രഹവും ജിബിന്‍ വെളിപ്പെടുത്തുന്നു.

TAGS: Jibin Willams |