ഉയര്‍ന്ന സുരക്ഷ ഉറപ്പു നല്‍കുന്ന അരിസോ വയേഴ്സ് അവതരിപ്പിച്ച് വി-ഗാര്‍ഡ്

Posted on: April 17, 2024

കൊച്ചി : ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഇലക്ട്രിക്കല്‍ വയറിംഗ് രംഗത്ത് സുരക്ഷിതത്വത്തിന്റേയും സുസ്ഥിരതയുടേയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന അരിസോ വയേഴ്സ് അവതരിപ്പിച്ചു. ചൂട് വര്‍ധനയെ പ്രതിരോധിക്കുന്ന മികച്ച സീറോ-ഹാലജന്‍ ലോ സ്‌മോക് ഗുണമേന്മയോടെ അത്യാധുനിക ഇ-ബീം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അരിസോ വയേഴ്സ് നിര്‍മ്മിക്കുന്നത്.

പരമ്പരാഗത എഫ്ആര്‍ പിവിസി വയേഴ്സ്‌നെ അപേക്ഷിച്ച് 75 ശതമാനം കൂടുതല്‍ വൈദ്യുത വാഹക ശേഷി അരിസോ വയേഴ്‌സിനുണ്ട്. 90 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനുള്ള താപ പ്രതിരോധ ശേഷിയും ഇവയ്ക്കുള്ളതിനാല്‍ ഷോര്‍ട് സര്‍ക്യൂട്ട്, അഗ്‌നിബാധ, ഇലക്ട്രിക്ക് വയറിന്റെ ഉരുകല്‍ പോലുള്ള അപകടങ്ങളില്‍ നിന്ന് വീടുകള്‍ക്കും വ്യാപാര കെട്ടിടങ്ങള്‍ക്കും മികച്ച സുരക്ഷയും ഇതുറപ്പാക്കുന്നു.

ലെഡ് ഇല്ലാത്തതും ആരോഗ്യത്തിന് മാരകഹാനിയുണ്ടാക്കാത്തതുമായ അസംസ്‌കൃത വസ്തുക്കളാണ് അരിസോ വയേഴ്സ്‌ന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കര്‍ശനമായ ആര്‍ ഒ എച്ച് എസ് (ROHS), ആര്‍ ഇ എ സി എച്ച് (REACH) മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിര്‍മാണം. അഗ്‌നിബാധ പോലുള്ള അപകടങ്ങളുണ്ടായാല്‍ ഇന്‍സുലേഷനില്‍ നിന്നും വിഷ വാതകങ്ങള്‍ പുറത്തു വരില്ല എന്നതിനാല്‍ ഇക്കോ ഫ്രണ്ട്ലിയും സുരക്ഷിതവുമാണ്.

ഉയര്‍ന്ന ചാലകശേഷി നല്‍കുന്നതിന് 99.97 ശതമാനം ശുദ്ധമായ കോപ്പര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അരിസോ വയേഴ്‌സിന് പ്രശസ്തമായ സി ഇ (CE) അടക്കമുള്ള ദേശീയ, രാജ്യാന്തര ഗുണമേന്മാ അംഗീകാരങ്ങളുമുണ്ട്. എലികള്‍ പോലുള്ള ജീവികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഉറപ്പിലും കരുത്തിലുമാണ് പുറംപാളി നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ കാലാവസ്ഥയിലും മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പു നല്‍കുന്ന ഇവയ്ക്ക് ദീര്‍ഘകാല ഉപയോഗക്ഷമതയുമുണ്ട്.

വൈദ്യുത സുരക്ഷയുടെയും സുസ്ഥിരതയുടെയും കാര്യത്തില്‍ വിപണിയിലെ അവസാന വാക്കായി അരിസോ വയേഴ്സ് മാറുമെന്ന് ഉറപ്പുണ്ടെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ”ഉപഭോക്താക്കളുടെ സുരക്ഷയോടൊപ്പം, ഇക്കോ-ഫ്രണ്ട്ലി ഭാവിയിലേക്കുള്ള വി-ഗാര്‍ഡിന്റെ സംഭവനകൂടിയാണ് അരിസോ വയേഴ്സ്,’ മിഥുന്‍ പറഞ്ഞു.

ഇന്ത്യയിലെ ഹൗസിംഗ് വയേഴ്സ്, കേബിള്‍ വിപണി 9 മുതല്‍ 10 ശതമാനം വരെ വളര്‍ച്ചയോടെ 22000-25000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വളര്‍ച്ചയോടൊപ്പം സുസ്ഥിരതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഇക്കോ-ഫ്രണ്ട്ലി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഡിമാന്‍ഡിലും വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.