തനിഷ്‌കിന്റെ യുഎസിലെ ആദ്യ സ്റ്റോര്‍ ന്യൂജേഴ്സിയില്‍ ആരംഭിച്ചു

Posted on: January 20, 2023

കൊച്ചി : ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് അമേരിക്കയിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ ന്യൂജേഴ്സിയില്‍ ആരംഭിച്ചു. ന്യൂജേഴ്സിയില്‍ നിന്നുള്ള സീനിയര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡസ്, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍ എന്നിവര്‍ക്കൊപ്പം വുഡ്ബ്രിഡ്ജ് മേയര്‍ ജോണ്‍ ഇ. മക്കോര്‍മാക്, എഡിസണ്‍ മേയര്‍ സാം ജോഷി, ചൂസ് ന്യൂജേഴ്സി ഇന്‍കോര്‍പ്പറേറ്റഡിലെ വെസ്ലി മാത്യൂസ്, ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാല്‍, ന്യൂജേഴ്സിയിലെ കോണ്‍ഗ്രസ് അംഗമായ ഫ്രാങ്ക് പല്ലോണ്‍ തുടങ്ങിയവര്‍ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

ന്യൂജേഴ്സിയിലെ ഓക്ക് ട്രീ റോഡിലെ ഇസെലിനിലുള്ള 3750 ചതുരശ്ര അടിയിലധികം വരുന്ന ഇരുനില ഷോറൂമില്‍ 18, 22 കാരറ്റ് സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍, സോളിറ്റയറുകള്‍, നിറമുള്ള കല്ലുകള്‍ എന്നിവയിലായി 6500ലധികം തനത് ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ മി ജോയ്, കോക്ക്ടെയില്‍ ജ്വല്ലറി കളക്ഷന്‍, റൊമാന്‍സ് ഓഫ് പോള്‍ക്കി, റിഥംസ് ഓഫ് റെയിന്‍, മൂഡ്സ് ഓഫ് എര്‍ത്ത്, ആലേഖ്യ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ ശേഖരങ്ങള്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചു. 2023 ജനുവരി 22 വരെ ലോഞ്ച് പ്രമോഷനായി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ തനിഷ്‌ക് ഒരു സൗജന്യ സ്വര്‍ണ്ണ നാണയം അല്ലെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂല്യത്തില്‍ 25 ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു.

യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2020-ല്‍ ജ്വല്ലറി സ്റ്റോര്‍ വില്പ്പന 33.2 ബില്യണ്‍ ഡോളറായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇത് മുന്‍ ദശകത്തെ അപേക്ഷിച്ച് 25% വര്‍ദ്ധനവാണ്. തനിഷ്‌ക് ഒരു വര്‍ഷത്തിലേറെയായി ഇ-കൊമേഴ്സ് വഴി യുഎസ് വിപണിയിലുണ്ട്; നല്ല കമ്മ്യൂണിറ്റി ഫീഡ്ബാക്ക് ലഭിക്കുകയും ചെയ്തു. തനിഷ്‌കിന്റെ റീട്ടെയില്‍ ബിസിനസ് വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ സ്റ്റോര്‍ ലോഞ്ച്.

തനിഷ്‌കിനെ ഒരു ആഗോള ബ്രാന്‍ഡായി സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും അമേരിക്കയിലെ ഞങ്ങളുടെ റീട്ടെയില്‍ ഷോറൂം വിപുലീകരണം ആ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും തനിഷ്‌കിന്റെ മാതൃ കമ്പനിയായ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സി കെ വെങ്കിട്ടരാമന്‍ പറഞ്ഞു

യുഎസ് വിപണിയില്‍ തനിഷ്‌കിന് ഇതിനകം തന്നെ ഗണ്യമായ ഓണ്‍ലൈന്‍ സാന്നിധ്യമുണ്ടെന്നും ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി കാണിച്ച ഉയര്‍ന്ന ആവശ്യവും താല്‍പ്പര്യവും അവര്‍ക്കായി ഒരു ഗ്രൗണ്ട് സാന്നിധ്യമുണ്ടാകാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് ഡിവിഷന്‍ സിഇഒ കുരുവിള മാര്‍ക്കോസ് പറഞ്ഞു.

കമ്പനി 2020 നവംബറില്‍ ദുബായിലാണ് തങ്ങളുടെ ആദ്യ ഇന്റര്‍നാഷണല്‍ സ്റ്റോര്‍ ആരംഭിച്ചത്. ഇപ്പോള്‍ എട്ട് അന്താരാഷ്ട്ര സ്റ്റോറുകളുണ്ട്. ഏഴ് എണ്ണം യുണൈറ്റഡ് അറബ് എമിറേറ്റ്സിലും (യുഎഇ) ഒരെണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വടക്കേ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലുമായി 20-30 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍, തനിഷ്‌ക്കിന് 240 നഗരങ്ങളിലായി 400 ലധികം സ്റ്റോറുകളുണ്ട്. അടുത്ത വര്‍ഷം 100 ലധികം സ്റ്റോറുകള്‍ കൂട്ടി തുറക്കാന്‍ പദ്ധതിയുണ്ട്.