ശുഭിഗി റാവു ബിനാലെ അഞ്ചാം ലക്കം ക്യൂറേറ്റർ

Posted on: May 9, 2019

കൊച്ചി : സിംഗപ്പൂരിലെ ഇന്ത്യൻ വംശജയായ ആർട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തെരഞ്ഞെടുത്തു. ബിനാലെ തെരഞ്ഞെടുപ്പു സമിതി വെനീസിലാണ് പ്രഖ്യാപനം നടത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ബിനാലെയ്ക്ക് ക്യൂറേറ്ററായി വനിതയെ തെരഞ്ഞെടുക്കുന്നത്.

കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് 2020 ഡിസംബർ 12 നാണ് തുടക്കമാകുന്നത്. കലാകാരൻമാർ തന്നെ ക്യൂറേറ്റർമാരാകുന്ന പാരമ്പര്യം നിലനിറുത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പു സമിതി ശുഭിഗിയുടെ പേര് ഐകകണ്‌ഠേന നിർദ്ദേശിച്ചത്.

വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റിയൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യൂറേറ്റർ പ്രഖ്യാപനം. അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിൻഹ, ജിതിഷ് കല്ലാട്ട്, തസ്‌നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി സുനിൽ, അലക്‌സ് കുരുവിള, തുടങ്ങിയവർ അടങ്ങിയതായിരുന്നു തെരഞ്ഞെടുപ്പു നിർണയ സമിതി.

സങ്കീർണങ്ങളായ പ്രതിഷ്ഠാപനങ്ങളും കലാചിന്തകളുമാണ് മുംബൈയിൽ ജനിച്ച എഴുത്തുകാരി കൂടിയായ ശുഭിഗി റാവുവിനെ ശ്രദ്ധേയയാക്കുന്നത്. പുരാവസ്തുശാസ്ത്രം, ന്യൂറോ സയൻസ്, ലൈബ്രറീസ്, ആർക്കൈവൽ സിസ്റ്റംസ്, ചരിത്രവും നുണകളും, സാഹിത്യം, അക്രമം, പരിസ്ഥിതി, പ്രകൃതി ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് ശുഭിഗി തന്റെ രചനകളെ സങ്കീർണമായി അവതരിപ്പിച്ചിരിക്കുന്നത്. സ്വദേശത്തു നിന്ന് പറിച്ചെറിയപ്പെട്ട് ഒഴുകി നടക്കുന്ന നഗരങ്ങളെപ്പോലെയാണ് പലപ്പോഴും ബിനാലെകളെന്ന് ശുഭിഗി റാവു പറഞ്ഞു.