ബിനാലെയ്ക്ക് ബഹുമതി: ബോസ് കൃഷ്ണമാചാരിയും ശുഭിഗി റാവുവും സമകാലീന കലയിലെ പവര്‍ 100 ആഗോള പട്ടികയില്‍

Posted on: November 16, 2019

കൊച്ചി: പ്രശസ്ത ആര്‍ട്ടിസ്റ്റും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകനുമായ ബോസ് കൃഷ്ണമാചാരിയും ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്റര്‍ ശുഭിഗി റാവുവും സമകാലീന കലാലോകത്തെ സ്വാധീന വ്യക്തികളുടെ ആഗോള പട്ടികയായ പവര്‍ 100 ല്‍ ഇടം നേടി.

തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് പവര്‍ 100 പട്ടികയില്‍ കൊച്ചി ബിനാലെയില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ബോസ് കൃഷ്ണമാചാരി പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 2020 ലെ ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായ ശുഭിഗി നടാടെയാണ് പട്ടികയില്‍ ഇടം പിടിക്കുന്നത്.

കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറും സാഹിത്യ ഗവേഷകയായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്, റാക്‌സ് മീഡിയ കളക്ടീവിലെ ജീബെഷ് ബാഗ്ചി, മോണിക്ക നാരുല, ശുദ്ധബ്രത സെന്‍ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യാക്കാര്‍.

ലോകപ്രശസ്തമായ ആര്‍ട്ട് റിവ്യൂ മാസികയാണ് ‘പവര്‍ 100’ പട്ടിക തയ്യാറാക്കുന്നത്. ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ഡയറക്ടര്‍ ഗ്ലെന്‍ ഡി ലോവറി, ഇതിഹാസ ഫോട്ടോഗ്രാഫറായ നാന്‍ ഗോള്‍ഡിന്‍, സൂറിച്ച്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ ഗാലറി ഉടമകളായ ഇവാന്‍, മാനുവേല വിര്‍ത്ത്, ആര്‍ട്ടിസ്റ്റ് ഹിറ്റോ സ്‌റ്റൈയറില്‍, ഹര്‍ലേമിലെ സ്റ്റുഡിയോ മ്യൂസിയം ഡയറക്ടര്‍ തെല്‍മ ഗോള്‍ഡന്‍ എന്നീ പ്രമുഖരും പട്ടികയിലുണ്ട്.

സമകാലീന ഇന്ത്യന്‍ കലാലോകത്ത് കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രാധാന്യമാണ് ‘പവര്‍ 100’പട്ടിക കാണിക്കുന്നതെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. രാജ്യത്തെ കലാകാര?ാരുടെ കൂട്ടായ്മയാണ് കൊച്ചി-മുസിരിസ് ബിനാലെ. 2015 മുതല്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ ആഗോള പ്രധാന്യം ആര്‍ട്ട് റിവ്യൂ മാസിക അംഗീകരിച്ചു വരികയാണ്. ബിനാലെയ്ക്കായി നടത്തിയ പരിശ്രമങ്ങളുടെ അംഗീകാരമായാണ് ഈ ബഹുമതിയെ കാണുന്നതെന്നും ബോസ് പറഞ്ഞു.

കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കം 2020 ഡിസംബര്‍ 12 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കും.