എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊച്ചി-മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികള്‍

Posted on: December 22, 2022

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമായ കൊച്ചി-മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികളായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഡിസംബര്‍ 23-ന് ആരംഭിക്കുന്ന നാല് മാസം നീണ്ടുനില്‍ക്കുന്ന ബിനാലെയില്‍ ഇന്ത്യന്‍, അന്തര്‍ദേശീയ കലാകാരന്മാര്‍ ഫിലിം, ഇന്‍സ്റ്റലേഷന്‍, പെയിന്റിംഗ്, ശില്‍പം, നവമാധ്യമങ്ങള്‍, പെര്‍ഫോമന്‍സ് ആര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള വിവിധ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തോടൊപ്പം, സംഭാഷണങ്ങള്‍, സെമിനാറുകള്‍, സ്‌ക്രീനിങ്ങുകള്‍, സംഗീത പരിപാടികള്‍, ശില്‍പശാലകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിപുലമായ പരിപാടികളും ബിനാലെയുടെ ഭാഗമായി ഉണ്ടാകും.

യാത്ര പങ്കാളിത്തത്തിന്റെ ഭാഗമായി, എയര്‍ ഇന്ത്യ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കലാകാരന്മാരേയും കലാപ്രേമികളേയും കൊച്ചിയില്‍ എത്തിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ്, ബിനാലെയുടെ സ്‌പോണ്‍സറായി പിന്തുണയ്ക്കുകയും ചെയ്യും. ആഴ്ചയില്‍ 38-ലധികം ഫ്‌ലൈറ്റുകളുമായി എയര്‍ ഇന്ത്യ കൊച്ചിയെ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നുണ്ട്. വിമാനങ്ങളുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആഴ്ചയില്‍ 80 ഫ്‌ലൈറ്റുകളുമായി ഗള്‍ഫ് മേഖലയിലെ എല്ലാ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഗരത്തെ ബന്ധിപ്പിക്കുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് പ്രത്യേകതകളുള്ള ഡിസൈനുകള്‍ ഉണ്ട്. ഓരോ വിമാനത്തിന്റെയും പിന്‍ ഭാഗത്ത് രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന കലയും സംസ്‌കാരവും ചിത്രീകരിക്കുന്നു. ഈ സവിശേഷത തിരിച്ചറിഞ്ഞ് കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ കലാകാരന്മാര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനായി ഒരു പ്രത്യേക ടെയില്‍ ആര്‍ട്ട് രൂപകല്‍പന ചെയ്യും. എയര്‍ ഇന്ത്യ എക്സ്പ്രസ് നിരയില്‍ പുതുതായി ഉള്‍പ്പെടുത്തിയ ബോയിംഗ് 737-800 വിമാനം ഈ ടെയില്‍ ആര്‍ട്ടുമായി ബിനാലെയുടെ ചൈതന്യം ആഗോളതലത്തിലേക്ക് എത്തിക്കും. കൂടാതെ, എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന അഞ്ച് സവിശേഷ മ്യൂറല്‍ പെയിന്റിങ്ങുകള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും.

എയര്‍ ഇന്ത്യ എല്ലായ്പ്പോഴും ഇന്ത്യയുടെ വ്യതിരിക്തമായ കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുന്ന കൊച്ചി ബിനാലെയുമായി സഹകരിക്കുന്നതിലൂടെ ഞങ്ങളുടെ ഈ പൈതൃകം തുടരുകയാണെന്നും എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഈ സഹകരണത്തിലൂടെ, ഇന്ത്യയിലും വിദേശത്തുമുള്ള കല സംസ്‌കാരിക ആരാധകരുമായി ബന്ധം പുലര്‍ത്തുവാനും തങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വിമാനത്തിലും തങ്ങളുടെ ടെയില്‍ ആര്‍ട്ട് ഉപയോഗിച്ച് ഇന്ത്യന്‍ കലയേയും സംസ്‌കാരത്തേയും പ്രോത്സാഹിപ്പിക്കുതില്‍ എയര്‍ ഇന്ത്യയ്ക്ക് ദീര്‍ഘവും മഹത്തായതുമായ ചരിത്രമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിംഗ് പറഞ്ഞു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ കലാകാരന്മാരെ പിന്തുണയ്ക്കുതിനുള്ള അവസരമാണ് കൊച്ചി ബിനാലെയുമുള്ള സഹകരണത്തിലൂടെ തങ്ങള്‍ക്കു മുമ്പിലെത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.