അമ്പതിന്റെ നിറവില്‍ എംപിഇഡിഎ

Posted on: August 26, 2021

കൊച്ചി : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) അമ്പതാം വര്‍ഷത്തിലേക്ക് കടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

എംപിഇഡിഎയുടെ മുന്‍ ജീവനക്കാര്‍, കയറ്റുമതിക്കാര്‍, എല്ലാ മേഖലാ ഓഫീസുകള്‍ മുതലായവയില്‍ നിന്നും നൂറുകണക്കിന് പേരാണ് വെര്‍ച്വലായി നടക്കുന്ന ഈ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്. ആഗസ്റ്റ് 24 ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ എംപിഇഡിഎയുടെ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.

ഈ സ്ഥാപനത്തിനായി വിലപ്പെട്ട സംഭാവനകള്‍ നല്‍കി വിടപറഞ്ഞ മുന്‍കാല ജീവനക്കാരുടെ ഓര്‍മ്മയിലാണ് പരിപാടികള്‍ ആരംഭിച്ചത്. എംപിഇഡിഎ സെക്രട്ടറിയും സ്റ്റാഫ് ക്ലബ് പ്രസിഡന്റുമായ കെ എസ് പ്രദീപ് സ്വാഗതം പറഞ്ഞു.

എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് അധ്യക്ഷനായ ചടങ്ങില്‍ കൊച്ചിയിലെ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് മുഹമ്മദ് യൂസഫ് ഭദ്രദീപം തെളിയിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

അമ്പത് വര്‍ഷത്തെ നേട്ടങ്ങളും അടുത്ത അമ്പത് വര്‍ഷത്തെ ഭാവി പരിപാടികളും ഉള്‍പ്പെടുത്തി കെ എസ് ശ്രീനിവാസ് അവതരണം നടത്തി. എംപിഇഡിഎയുടെ നിലവിലുള്ളതും വിരമിച്ചതുമായ ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയും കഠിനാധ്വാനവുമാണ് സ്ഥാപനം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിലുണ്ടായ കുതിച്ചു ചാട്ടത്തില്‍ കയറ്റുമതിക്കാര്‍ നല്‍കിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംപിഇഡിഎ ഡയറക്ടര്‍ ഡോ. എം കാര്‍ത്തികേയന്‍, വൈസ് ചെയര്‍മാന്‍ ആദിത്യ ദാഷ്, ജോയിന്റ് ഡയറക്ടര്‍ ഡോ. രാം മോഹന്‍ എം കെ, സീഫുഡ് എക്‌സപോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ജഗദീഷ് വി ഫോഫാന്‍ഡി, സെക്രട്ടറി ജനറല്‍ ഏലിയാസ് സേട്ട് എന്നിവര്‍ ആശംസയര്‍പ്പിച്ചു.

എംപിഇഡിഎയില്‍ 25 വര്‍ഷം തികച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.

എംപിഇഡിഎ ജീവനക്കാരുടെ മക്കളില്‍ പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കൂടുതല്‍ മാര്‍ക്കിന് നല്‍കുന്ന രാജേശ്വരി മെമ്മോറിയല്‍ എന്‍ഡോവ്മന്റ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. എംപിഇഡിഎ മുന്‍ ജീവനക്കാരിയായിരുന്ന എം രാജേശ്വരിയുടെ സ്മരണാര്‍ത്ഥമാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

കയറ്റുമതി സ്ഥിതിവിവരക്കണക്കുകളും വിശകലനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്ന ഇ-സ്റ്റാറ്റ് പാക്കേജ് ചടങ്ങില്‍ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് മുഹമ്മദ് യൂസഫ് പുറത്തിറക്കി. എംപിഇഡിഎ മാര്‍ക്കറ്റിംഗ് ജോയിന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ പി ഇതിനെക്കുറിച്ചുള്ള ഹ്രസ്വ വിശദീകരണം നടത്തി.

എംപിഇഡിഎ സ്റ്റാഫ് ക്ലബ് ജോയിന്റ് സെക്രട്ടറി നിഷാന്ത് കെ എന്‍ കൃതജ്ഞത അര്‍പ്പിച്ചു.

 

TAGS: MPEDA |