രാജ്യത്തെ ആദ്യ ലൈസന്‍സ്ഡ് വനിത മത്സ്യബന്ധന തൊഴിലാളിയായ രേഖയുടെ കടം വീട്ടാനുള്ള പ്രഖ്യാപനം നടത്തി എം.പി.ഇ.ഡി.എ

Posted on: March 10, 2020

കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ) നടത്തിയ ആദരണ ചടങ്ങ് ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് രാജ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് ലഭിച്ച ആദ്യത്തെ വനിതയായ രേഖ കാര്‍ത്തികേയന്‍ കരുതിയിരുന്നില്ല. രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകള്‍ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് നടത്തിയത്.

പനമ്പിള്ളി നഗറിലെ എം.പി.ഇ.ഡി.എ ആസ്ഥാനത്ത് നടന്ന ആദരണ ചടങ്ങിലാണ് ബാധ്യതകള്‍ പരിഹരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രേഖയുടെ 3 ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്പ പലിശയടക്കം തിരിച്ചടയ്ക്കും. രേഖയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്റെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ട് കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിള്‍സ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു. വള്ളവും എന്‍ജിനും വാങ്ങിക്കാന്‍ എടുത്ത വായ്പയായ 1.1 ലക്ഷം രൂപ എഎഫ്ഡിസി ഗ്രൂപ്പ് നല്‍കും. ഇതോടെ വനിത ദിനത്തോടനുബന്ധിച്ച ആദരണ ചടങ്ങ് കഴിഞ്ഞപ്പോഴേക്കും രേഖയുടെ കുടുംബം കടബാധ്യതകളില്‍ നിന്ന് ഒഴിവായി.

ഇതു കൂടാതെ എം.പി.ഇ.ഡി.എയുടെ ഭാഗത്തു നിന്നുള്ള സാമ്പത്തിക സഹായം കെ എസ് ശ്രീനിവാസ് രേഖയ്ക്ക് കൈമാറി. രേഖയ്ക്കും കാര്‍ത്തികേയനുമുള്ള ലൈഫ് ജാക്കറ്റുകളും ചടങ്ങില്‍ നല്‍കി. വായ്പത്തുകയും ചികിത്സാസഹായവും അതത് ബാങ്കുകള്‍ക്കും ആശുപത്രിക്കും നേരിട്ടായിരിക്കും കൈമാറുകയെന്ന് എംപിഇഡിഎ അറിയിച്ചു.

വനിത ദിനത്തില്‍ കേവലം ആദരിക്കലും മൊമെന്റോയും നല്‍കി പിരിയുന്നതിനു പകരം കഠിനാധ്വാനം ചെയ്യുന്ന ഈ സഹോദരിയുടെ ഭാവി ഭദ്രമാക്കി സമൂഹത്തിന് മാതൃക കാട്ടാനാണ് എം.പി.ഇ.ഡി.എ ശ്രമിച്ചതെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ഇക്കാര്യത്തില്‍ കയറ്റുമതി വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സേനയിലെ നേതൃപദവി, പൈലറ്റ്, തുടങ്ങി പുരുഷ മേധാവിത്തമുണ്ടായിരുന്ന എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നു വരികയാണ്. സ്ത്രീ സമൂഹത്തിന് തന്നെ ഏറ്റവും പ്രചോദകമാകാന്‍ വേണ്ടിയാണ് രേഖയെ ആദരിക്കാനും അവരുമായി ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രേഖയുടെ ബാധ്യതകള്‍ പരിഹരിച്ചത് ഔദാര്യമല്ല, മറിച്ച് ഉത്തരവാദിത്തമാണെന്ന് ടേസ്റ്റി നിബിള്‍സിന്റെ ഉടമ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. രേഖയെപ്പോലുള്ള മത്സ്യബന്ധന തൊഴിലാളികളില്ലെങ്കില്‍ കയറ്റുമതിക്കാരില്ല. ഇവരുടെ ബാധ്യതകള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ എം.പി.ഇ.ഡി.എ കാട്ടിയ ശുഷ്‌കാന്തി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതികൂല അനുഭവങ്ങളില്‍ നിന്നാണ് താന്‍ ജീവിതം മുന്നോട്ടു നയിക്കുന്നതെന്ന് രേഖ പറഞ്ഞു. ആരുടെയും സ്വത്ത് മോഷ്ടിക്കാതെ അധ്വാനിച്ചാണ് ജീവിക്കുന്നത്. പുറംകടലില്‍ പോകുമ്പോള്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍ രേഖ എം.പി.ഇ.ഡി.എ ജീവനക്കാരുമായി പങ്ക് വച്ചു. തനിക്കെതിരെ പുരുഷ?ാരില്‍ നിന്നുണ്ടായ മോശം അനുഭവത്തെ നേരിട്ട രീതി പങ്കുവച്ചത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

കടലുമായി യാതൊരു ബന്ധവുമില്ലാത്ത തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ താന്‍ മത്സബന്ധന തൊഴില്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് രേഖ പറഞ്ഞു. ചേറ്റുവ സ്വദേശിയായ മത്സ്യബന്ധന തൊഴിലാളി കെ വി കാര്‍ത്തികേയനുമായുള്ള പ്രേമവിവാഹത്തിനു ശേഷമാണ് ഉപജീവനമാര്‍ഗ്ഗമെന്നോണം കടലിലേക്കിറങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നതിനാല്‍ വീട്ടുകാരുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിരുന്നില്ല.

നാലു പെണ്‍മക്കളുള്ള കുടുംബത്തിന്റെ കാര്യം സ്വയം നോക്കേണ്ടതിനാലാണ് ഈ ജോലിക്കിറങ്ങിയതെന്ന് രേഖ പറഞ്ഞു. 11 വര്‍ഷമായി കാര്‍ത്തികേയന്റെ കൂടെ രേഖ കടലില്‍ പോകാന്‍ തുടങ്ങിയിട്ട്. കടല്‍ച്ചൊരുക്കും പ്രതിസന്ധികളും തീര്‍ത്ത തിരമാലകളിലൂടെ മുന്നേറാന്‍ ഒട്ടും എളുപ്പമായിരുന്നില്ല. മാത്രമല്ല അടുത്ത കാലം വരെ രേഖയ്ക്ക് നീന്തലുമറിയില്ലായിരുന്നു.

പുലര്‍ച്ചെ 2 മണിക്ക് മുമ്പ് ഈ ദമ്പതികള്‍ കടലില്‍ പോകും. 50 നോട്ടിക്കല്‍ മൈല്‍ ദൂരം പോയതിനു ശേഷം പിറ്റേന്ന് തിരിച്ചെത്തുന്നതു വരെ നക്ഷത്രങ്ങള്‍ മാത്രമാണ് വഴികാട്ടികളെന്നും രേഖ പറഞ്ഞു.

മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോള ശങ്കര്‍, ഡയറക്ടര്‍ ഡോ. എം കാര്‍ത്തികേയന്‍, സെക്രട്ടറി ബി ശ്രീകുമാര്‍ രേഖയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ നാലാമത്തെ മകള്‍ ലക്ഷ്മിപ്രിയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.