ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

Posted on: March 30, 2020

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പ്രതിരോധത്തിനായി ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു.

രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാളും അടിയന്തരമായ സഹായം എത്തിക്കേണ്ട സമയമാണിതെന്ന് രത്തന്‍ ടാറ്റ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മനുഷ്യസമൂഹം നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളികളില്‍ ഒന്നാണിത്.

ടാറ്റയുടെ സഹായം വൈദ്യരംഗത്ത് മുന്‍നിരയില്‍നിന്ന് പൊരുതുന്നവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനും രോഗികളായവര്‍ക്ക് മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്കുന്നതിനും ഉപയോഗിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടാറ്റ ട്രസ്റ്റുകള്‍, ടാറ്റ സണ്‍സ്, ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ എന്നിവ സംയുക്തമായി ഇതില്‍ പങ്കുചേരും. പ്രാദേശിക, ആഗോള പങ്കാളികളും, സര്‍ക്കാരും സംയുക്തമായി ഒത്തുചേര്‍ന്ന് ഈ വിപത്തിനെതിരേ പൊരുതണമെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിരാലംബരുമായവര്‍ക്ക് സഹായമെത്തിക്കണമെന്നും രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

TAGS: Ratan Tata |