ബംഗലുരുവിലേക്ക് ചരക്കു റെയില്‍ സര്‍വീസുമായി ഡി. പി. വേള്‍ഡ്

Posted on: January 30, 2020

കൊച്ചി : വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലില്‍ (ഐ.സി.ടി.ടി) നിന്ന് ബംഗലുരുവിലേക്ക്  പ്രതിവാര റെയില്‍ സര്‍വീസ്. കൊച്ചിക്കും വൈറ്റ്ഫീല്‍ഡ് ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയ്ക്കും ഇടയിലാണ് സര്‍വീസ്. കോണ്‍കോര്‍ നടത്തുന്ന സര്‍വീസിലൂടെ ചെലവും സഞ്ചാര സമയവും 40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും.

സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന, കോണ്‍കോര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സഞ്ജയ് ബാജ്‌പേയ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടന ഓട്ടത്തില്‍ അവാന ലോജിസ്റ്റിക്‌സ് ലിമിറ്റഡിനു വേണ്ടി 80 ടി. ഇ. യു ചരക്ക് എത്തിച്ചു.

കൊളംബോ തുറമുഖം വഴി റൂട്ട് ചെയ്യുന്നതിനു പകരം യൂറോപ്പ്, മിഡില്‍ ഈസ്റ്റ് , മെഡിറ്ററേനിയന്‍ സര്‍വീസുകളിലേക്ക് കൊച്ചി വഴി നേരിട്ട് ബന്ധിപ്പിക്കാന്‍ റെയില്‍ സര്‍വീസ് ഉപഭോക്താക്കള്‍ക്ക് അവസരം കിട്ടുമെന്നതാണ് മേന്മ. ഇതുവഴി സഞ്ചാരസമയം 56 ദിവസം വരെ കുറയുകയും ആഗോള വിപണികളിലേക്ക് വേഗത്തിലെത്താന്‍ കഴിയുകയും ചെയ്യുമെന്ന് ഡി. പി. വേള്‍ഡ് കൊച്ചി  സിഇഒ  പ്രവീണ്‍ തോമസ് പറഞ്ഞു.