ഡി പി വേള്‍ഡ് കൊച്ചി വളര്‍ച്ചാകുതിപ്പില്‍

Posted on: January 10, 2019

കൊച്ചി : ആഗോള പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ ഡി പി വേള്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഗേറ്റ്‌വേ ടെര്‍മിനല്‍ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 13.57 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) രേഖപ്പെടുത്തി. ഇന്ത്യന്‍ തുറമുഖങ്ങള്‍ ഈ കാലയളവില്‍ നേടിയ 11.41 ശതമാനം വളര്‍ച്ചയിലും അധികമാണിത്.

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ ഈ വര്‍ഷം 5,74,000 ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. മാര്‍ച്ച് 2018 ല്‍ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകള്‍ 52,000 ടിഇയു എന്ന സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു.

ഉപയോക്താക്കള്‍ക്കും ടെര്‍മിനലുമായി ബന്ധപ്പെട്ടു മറ്റുള്ളവര്‍ക്കും മികച്ച മൂല്യം ലഭ്യമാക്കുന്ന വ്യാപാര പരിഹാരങ്ങള്‍ പ്രാപ്തമാക്കുന്നതിനുമുള്ള ടെര്‍മിനലിന്റെ നിരന്തര പരിശ്രമങ്ങള്‍ക്ക് ഈ വളര്‍ച്ച ഒരു അംഗീകാരമാണ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐഡി) അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ഗേറ്റ് മാനേജ്‌മെന്റ് സംവിധാനം ചരക്കുനീക്കത്തിനായി ട്രക്കുകളുടെ സമയം കുറയ്ക്കുവാന്‍ ഇടയാക്കി. 2017ല്‍ 27 മിനുറ്റായിരുന്നത് 2018 ല്‍ 23 മിനുറ്റു മതിയെന്നായി. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തനങ്ങളെ തന്ത്രപരമായി ഏകോപിപ്പിച്ചുകൊണ്ടാണ് ടെര്‍മിനല്‍ മുന്നോട്ട് പോകുന്നത്.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടു വേഗത്തിലുള്ള ചരക്കുനീക്കം സാധ്യമാക്കാനും ശ്രമിക്കുന്നുണ്ട്. ഇത് പ്രാദേശിക കയറ്റുമതിക്കാര്‍ക്കും ഗുണം ചെയ്തു. ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറച്ചുകൊണ്ട് വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിഞ്ഞിട്ടുണ്ട്.

വിവിധ ഇടപാടുകാരുടെയും പങ്കാളികളുടെയും സഹകരണത്തോടെ നേടിയ വളര്‍ച്ച വരും വര്‍ഷത്തില്‍ സാങ്കേതിക വിദ്യയുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ മെച്ചപ്പെടുത്തി ചരക്കുനീക്കം കൂടുതല്‍ വേഗത്തിലാക്കുവാന്‍ ശ്രമിക്കുമെന്ന് ഡിപി വേള്‍ഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രവീണ്‍ ജോസഫ് പറഞ്ഞു.