ആദ്യ സ്വകാര്യ ട്രെയിനിന്റെ ആദ്യമാസ ലാഭം 70 ലക്ഷം

Posted on: November 12, 2019

ന്യൂഡല്‍ഹി : പ്രഥമ സ്വകാര്യ ട്രെയിനായ തേജസിന്റെ ആദ്യ മാസത്തെ ലാഭം 70 ലക്ഷം രൂപ. റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍ടിസിക്കാണ് തേജസിന്റെ ചുമതല. ടിക്കറ്റ് വില്‍പനയിലൂടെ ഈ കാലയളവില്‍ 3.70 കോടി രൂപ ലഭിച്ചു. ചെലവ് 3 കോടി രൂപയാണ്. യാത്രകൂലി ഇനത്തില്‍ ഒരു ദിവസം 17.50 ലക്ഷം രൂപ ലഭിക്കുമ്പോള്‍ 14 ലക്ഷം രൂപയാണ് ചെലവ്. ആഴ്ചയില്‍ 6 ദിവസം വീതം ഒക്ടോബറില്‍ 21 ദിവസമേ ട്രെയിന്‍ ഓടിയുള്ളൂ.

ലോകനിലവാരത്തില്‍ 50 റെയില്‍വേ സ്‌റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്കു 150 ട്രെയിനുകള്‍ ഓടിക്കാനും അനുമതി നല്‍കുന്ന പദ്ധതിയുടെ ആദ്യപടിയായി സര്‍വീസ് തുടങ്ങിയതാണ് ലക്‌നൗ – ഡല്‍ഹി തേജസ് എക്‌സ്പ്രസ്. ദിവസവും 80-85 ശതമാനം യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്.

ഭക്ഷണം, 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഐആര്‍സിടിസി ഒരുക്കിയിട്ടുണ്ട്.