ജംഗിള്‍ സഫാരി’ ഒരുക്കി കുടുംബശ്രീ

Posted on: December 28, 2020

കോതമംഗലം : കാടിന്റെ ഗന്ധം ശ്വസിച്ച്, പച്ചപ്പു തൊട്ട് ഏറുമാടത്തില്‍ വിശ്രമിച്ച് ഒരു യാത്ര… കുട്ടന്‍പുഴയുടെ കാനനഭംഗിയും സാംസ്‌കാരികത്തനിമയും അടുത്തറിഞ്ഞ് ആസ്വദിക്കാന്‍ ‘ജംഗിള്‍ സഫാരി’ ഒരുക്കി കുടുംബശ്രീ. പഞ്ചായത്തിലെ എസ്.ടി. കുടുംബശ്രീ സംരംഭമായ ‘സഹ്യ’യുടെ നേതൃത്വത്തിലാണ് ‘കുട്ടമ്പുഴ ജംഗിള്‍ സവാരി’.

വനത്തിനുള്ളിലൂടെ കാല്‍നടയായി പോയി പ്രകൃതിദൃശ്യങ്ങള്‍ ആവോളം നുകരാം. ഓലക്കുടിലില്‍ ഭക്ഷണവും ഏറുമാടത്തില്‍ വിശ്രമവും തടാകത്തില്‍ വഞ്ചിതുഴയാനും ട്രക്കിംഗിനും പുഴയില്‍ നീന്താനും മീന്‍പിടിക്കാനും അവസരമുണ്ട്. കുട്ടമ്പുഴയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മുനിയറ, വനദുര്‍ഗാ ക്ഷേത്രം, ആനക്കയം ബീച്ച് എന്നിവിടങ്ങള്‍ സഞ്ചരിക്കാം. ആറ്് പേരടങ്ങുന്ന സംഘത്തിന് 5,000 രൂപയാണ് സഫാരി പാക്കേജ്.

കുട്ടമ്പുഴ ജംഗിള്‍ സഫാരിയുടെ ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എം. റജീന, കെ. വിജയം, ജില്ലാ പ്രോഗ്രാം മാനേജര്‍ പൊന്നി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 94460 36768.